വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിജയത്തിനായി കേരളവും സമനിലയ്ക്കായി ആന്ധ്രയും പൊരുതുന്നു. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ചായക്ക് പിരിയുമ്പോള്‍ ആന്ധ്ര അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സുമായി എസ് കെ റാഷിദ്, അഞ്ച് റണ്‍സുമായി ജി എച്ച് വിഹാരി എന്നിവരാണ് ക്രീസില്‍.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ആന്ധ്രയ്ക്ക് ഇനി 94 റണ്‍സ് കൂടെ വേണം. ഒന്നാം ഇന്നിംഗ്‌സില്‍ ആന്ധ്ര 272 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് മറുപടിയായി കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അക്ഷയ് ചന്ദ്രന്‍ 184ഉം സച്ചിന്‍ ബേബി 113ഉം റണ്‍സെടുത്ത് പുറത്തായി. 242 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്‌സില്‍ കേരളം നേടിയത്.
നാലാം ദിനം 19-1 എന്ന സ്‌കോറില്‍ നിന്നാണ് ആന്ധ്ര ബാറ്റിംഗ് പുഃനരാരംഭിച്ചത്. 13 റണ്‍സെടുത്ത മഹീപ് കുമാറിനെയും ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ റിക്കി ബൂയിയുടെയും വിക്കറ്റുകള്‍ രാവിിലെ തന്നെ ആന്ധ്രയ്ക്ക് നഷ്ടമായി. ഒരു ഘട്ടത്തില്‍ മൂന്നിന് 43 എന്ന് ആന്ധ്ര തകര്‍ന്നിരുന്നു. പിന്നാലെ 72 റണ്‍സുമായി അശ്വിന്‍ ഹെബ്ബാര്‍, 26 റണ്‍സുമായി കരണ്‍ ഷിന്‍ഡെയും പൊരുതി നോക്കി. എങ്കിലും ഇരുവരെയും കേരളാ താരങ്ങള്‍ വീഴ്ത്തി.