പുല്‍പ്പള്ളി 56ല്‍ വീണ്ടും കടുവയിറങ്ങി; ആര്‍ആര്‍ടി സംഘം കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു

പുല്‍പ്പള്ളി: പുല്‍പ്പള്ളി 56ല്‍ ഇന്നും കടുവയിറങ്ങി. വാഴയില്‍ ബിനീഷിന്റെ ഭാര്യ ചിന്നു രാവിലെ 9 മണിക്ക് വീടിന് പുറത്തുനില്‍ക്കുമ്പോള്‍ കടുവയെ കണ്ടതായി പറഞ്ഞു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം മയക്കുവെടി വയ്ക്കാന്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്നലെയാണ് പുല്‍പ്പള്ളി 56ല്‍ ബൈക്ക് യാത്രികന്‍ വാഴയില്‍ അനീഷിന്റെ മുന്നിലേക്കു കടുവ ചാടിവീണത്.

ബൈക്കില്‍നിന്നു വീണു പരുക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുവ വാഴയില്‍ ബേബിയുടെ മൂരിക്കിടാവിനെ കൊന്നിരുന്നു. ആശ്രമ കൊല്ലി ഐക്കരക്കുടി എല്‍ദോസിന്റെ പശുക്കിടാവിനെയും കടുവ കൊന്നു. പിന്നീട് പല തവണ നാട്ടുകാര്‍ കടുവയെ കണ്ടു. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് മയക്കുവെടി വയ്ക്കാന്‍ തീരുമാനമായത്.

പുല്‍പ്പള്ളി സുരഭിക്കവലയിലും പരിസരത്തുമായി വനംവകുപ്പ് 3 കൂടുകള്‍ സ്ഥാപിച്ച് ആഴ്ചകളായിട്ടും കടുവയെ കൂട്ടിലാക്കാനായിട്ടില്ല. ബത്തേരി ഡോണ്‍ ബോസ്‌കോ കോളജ് ഗേറ്റിനു മുന്നില്‍ വിദ്യാര്‍ഥിനികള്‍ കടുവയെ കണ്ടു ഭയന്നോടി.

Top