മുസ്ലീം പ്രേമം ഇനി കോണ്‍ഗ്രസ് മറച്ചുവെയ്ക്കില്ല; പ്രിയങ്ക ‘ആ’ പേരുകള്‍ പറഞ്ഞത് വെറുതെയല്ല

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയും, ഇതോടൊപ്പം ചേര്‍ന്നുള്ള വികസനവും അവര്‍ക്ക് രാഷ്ട്രീയ വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പകച്ചുപോയ വര്‍ഷങ്ങളാണ് കടന്നുപോയത്. തങ്ങളുടെ കുടുംബം കടുത്ത ശിവഭക്തരാണെന്ന് തെളിയിക്കാനുള്ള രാഹുലിന്റെ പ്രയത്‌നങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരയായി. എന്നാല്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ ശക്തിയുക്തം അക്രമോത്സുകമായ നിലയിലേക്ക് മാറ്റാനുള്ള സന്നാഹങ്ങള്‍ എല്ലാം സജ്ജമെന്ന് വ്യക്തമാക്കുകയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ വാക്കുകള്‍.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ വാക്‌പോരാട്ടങ്ങള്‍ കോണ്‍ഗ്രസിന്റെ രീതി മാറുകയാണെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഹിന്ദു അനുകൂല നിലപാട് സ്വീകരിക്കുന്നതായി ചിത്രീകരിക്കാന്‍ ശ്രമിച്ച രാഹുല്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ മതേതരത്വ, മുസ്ലീം അനുകൂല നിലപാടില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെങ്കിലും ഇരകളുടെ പേരുവിവരങ്ങള്‍ വിവരിച്ച പ്രിയങ്ക ‘അനസ്, സുലേമാന്‍’ എന്നിവരുടെ പേരുകളാണ് ആദ്യം പറഞ്ഞത്.

റഫാല്‍ കരാര്‍ പോലുള്ള പൊളിഞ്ഞ വാദങ്ങള്‍ ഉയര്‍ത്തുന്ന സഹോദരന് പകരം മുസ്ലീം സ്‌നേഹം വ്യക്തമായി പ്രകടിപ്പിക്കാന്‍ തന്നെയാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്. വിവരശേഖരണം നടത്തിയ ശേഷം സംസാരിക്കുന്നത് കൊണ്ട് രാഹുലിനെ പോലെ വീഴ്ചകളും പ്രസംഗത്തില്‍ കുറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതേതരത്വം പറയുമ്പോള്‍ തന്നെ മുസ്ലീം സ്‌നേഹം പ്രകടമാക്കുന്ന പഴയ കോണ്‍ഗ്രസ് പാരമ്പര്യത്തിലേക്ക് പാര്‍ട്ടിയെ മടക്കിക്കൊണ്ടുവന്ന് ബിജെപിയെ നേരിടുകയാണ് ഉദ്ദേശമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

മതേതരത്വം പ്രഖ്യാപിച്ച് പല വര്‍ഷങ്ങള്‍ ഭരണത്തില്‍ പിടിച്ചുനിന്ന കോണ്‍ഗ്രസിന് ഹിന്ദുത്വത്തിന് എതിരായ ഈ പുതിയ ബ്രാന്റിംഗ് ഗുണം ചെയ്യുമോയെന്ന് കാത്തിരുന്ന് കാണണം. എന്തായാലും രാഹുല്‍ ഗാന്ധി ഇനി പിന്‍സീറ്റിലേക്ക് മാറും, കാരണം പ്രിയങ്ക ഗാന്ധിയാണ് ഇനി ഇവരുടെ മുഖം!

Top