പത്തനംതിട്ട: പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് പോലീസ്. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ സംഭവം കൊലപാതകമാണ് എന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് പൊലീസ് നിലപാട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി എസ് അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മൃതദേഹം കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആയിട്ടില്ല.
കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുളിക്കീഴ് ജംഗ്ഷനിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ കൂടി പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോവുകയാണ്.