കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം: രാഹുലിനെ പിന്തുണച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്‍പംകൂടി സമയം കൊടുക്കണം എന്ന അഭിപ്രായമാണ് പ്രിയങ്കയ്ക്ക്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കാന്‍ രാഹുല്‍ തയ്യാറായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണം എന്ന് പ്രവര്‍ത്തക സമിതി ആവശ്യപ്പെടുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാഹുലിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണിപ്പോഴും.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്വീകരിച്ചതെന്നാണ് വിവരം.

രാഹുല്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ മറ്റാര് പകരക്കാരനാകും എന്നതായിരുന്നു പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ആശങ്ക. ചിലര്‍ പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ തന്റെ സഹോദരിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി 52 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയി. കഴിഞ്ഞ തവണത്തെക്കാള്‍ 8 സീറ്റ് മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് അധികം നേടിയത്.

Top