പുറത്ത് സിഎഎ പ്രതിഷേധം; അകത്ത് പ്രധാനമന്ത്രി മോദി, മമതാ കൂടിക്കാഴ്ച

കൊല്‍ക്കത്തയില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിന് ഇടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തലസ്ഥാന നഗരത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ യാത്ര തീരുമാനിച്ചിട്ടുള്ള വഴിയാണ് പ്രതിഷേധ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനും, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ മുദ്രാവാക്യങ്ങളും, ബാനറുകളുമേന്തിയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്രീയേതര സംഘടനകളില്‍ പെട്ടവരും റോഡില്‍ അണിനിരന്നത്. ‘മോദി ഗോ ബാക്ക്’ എന്ന മുദ്രാവാക്യത്തിന് പുറമെ കരിങ്കൊടികളും എല്ലായിടത്തും പ്രതിഷേധക്കാര്‍ വീശിക്കാണിച്ചു.

കൊല്‍ക്കത്ത എയര്‍പോര്‍ട്ടിന് പുറത്ത് ഇടത് വിദ്യാര്‍ത്ഥി യൂണിയനുകളും വന്‍തോതില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നു. പ്രധാനമന്ത്രി മോദിക്കൊപ്പം കൂടിക്കാഴ്ച നടത്തിയ മമതാ ബാനര്‍ജി പരസ്പര ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിച്ച പൗരത്വ നിയമത്തിന് എതിരായ സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച മമത മോദിക്കൊപ്പം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. അവരുടെ ഉദ്ദേശങ്ങള്‍ വ്യക്തമാണ്’, ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സൊമെന്‍ മിത്ര പറഞ്ഞു.

നേരത്തെ രാജ് ഭവനില്‍ താമസിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി അവസാന നിമിഷം പരിപാടി മാറ്റി. ഹൗറയിലെ ബേലൂര്‍ മഠത്തിലാണ് പ്രധാനമന്ത്രി തങ്ങുക.

Top