മണിപ്പുരില്‍ അഭിഭാഷകര്‍ ഏത് വംശജരായാലും ഹാജരാകാനും വാദിക്കാനുമുള്ള അവകാശം തടയരുത്; സുപ്രീംകോടതി

ഡല്‍ഹി: മണിപ്പുരില്‍ അഭിഭാഷകര്‍ ഏത് വംശജരായാലും അവര്‍ക്ക് കോടതി മുന്‍പാകെ ഹാജരാകാനും വാദിക്കാനുമുള്ള അവകാശം തടയരുതെന്ന് സുപ്രീംകോടതി. അഭിഭാഷകരെ തടഞ്ഞാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബാര്‍ അസോസിയേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം. അഭിഭാഷകര്‍ ഏത് വംശജരാണെന്നത് നോക്കി തടയുന്ന പ്രവണത നിലവിലുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ്‌ഗ്രോവറാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചുരാചന്ദ്പുര്‍- ഐസോള്‍ഹെലികോപ്റ്റര്‍ സര്‍വീസ് നാളെമുതല്‍ കലാപബാധിത മണിപ്പുരിലെ കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരില്‍നിന്ന് മിസോറം തലസ്ഥാനമായ ഐസോളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ബുധനാഴ്ച തുടങ്ങും.

ചികിത്സ അടക്കം അടിയന്തര ആവശ്യങ്ങള്‍ക്കായി ഇത്തരം സൗകര്യങ്ങളുള്ള ഇംഫാലില്‍ എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. മണിപ്പുരില്‍നിന്ന് നാഗാലാന്‍ഡിലേക്കും മിസോറമിലേക്കും ഹെലികോപ്റ്റര്‍ സര്‍വീസ് നടത്താന്‍ ആഭ്യന്തരമന്ത്രാലയം ആഗസ്ത് 11ന് അനുമതി നല്‍കി. സാധാരണക്കാര്‍ക്കും നിര്‍ധനര്‍ക്കും ഹെലികോപ്റ്റര്‍ യാത്രനിരക്ക് താങ്ങാന്‍ കഴിയില്ല. ഇതിനിടെ, മണിപ്പുരിലെ നോനി ജില്ലയില്‍ തീവ്രവാദ സംഘടനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.

Top