മണിപ്പൂരില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി; അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തു

ഇംഫാല്‍: മണിപ്പൂരില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. അതിനിടെ കലാപത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വിവിധ ജില്ലകള്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാനായി ഉപയോഗിച്ചിരുന്ന ബങ്കറുകള്‍ പൊലീസ് തകര്‍ത്തു. ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

സിബിഐ സംഘം മണിപ്പൂരിലേക്ക് തിരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സിബിഐ ഡയറക്ടറും സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മണിപ്പൂരിലേക്ക് തിരിച്ചത്. കുട്ടികള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോകള്‍ പ്രചരിച്ചത്. അവസാനമായി കുട്ടികളുടെ ടവര്‍ ലൊക്കേഷന്‍ ചുരാചന്ദ്പൂരി ലംധാന്‍ മേഖലയില്‍ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. കുക്കി വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്.

കുട്ടികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കുക്കി വിഭാഗക്കാര്‍ക്കെതിരെ മെയ്‌തെയ്കളുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ രാത്രി വൈകിയും ഇംഫാലില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മെയ്തെയ് വിഭാഗക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. 50 ഓളം മെയ്തെയ്ക്കാര്‍ക്ക് പരുക്കേറ്റു. കുട്ടികളുടെ കൊലപാതകത്തിന് പിന്നില്‍ കുക്കി സംഘടനകളെന്ന് മെയ്തെയ് ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

Top