ലീഗ് ‘കോട്ടയായ’ മലപ്പുറത്ത് വോട്ടുകൾ വർദ്ധിച്ചിരിക്കുന്നത് ഇടതുപക്ഷത്തിന്

ഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും, മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം നടത്തിയത് ഇടതുപക്ഷം. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 15 നിയമസഭ മണ്ഡലത്തിലും ഇടതുപക്ഷത്തിന് വോട്ടുകള്‍ വര്‍ദ്ധിക്കുകയാണുണ്ടായതെന്നാണ് കണക്കുകള്‍ നിരത്തി എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ വി.കെ സാനു ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലാകെ മാറ്റമുണ്ടാകുന്ന സമയത്തും മൂന്നും മൂന്നരയും ലക്ഷത്തിന്റെ വ്യത്യാസമാണ് മലപ്പുറത്ത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടാകാറുള്ളത്. അത് ഏതാണ്ട് 75,000ത്തിലേക്ക് കുറച്ചു കൊണ്ടുവരാന്‍ ഇത്തവണ ഇടതുപക്ഷത്തിന് കഴിഞ്ഞതായും സാനു ചൂണ്ടിക്കാട്ടി. അഭിമുഖത്തിന്റെ രണ്ടാം ഭാഗം ചുവടെ: –

 

ബ്രണ്ണന്‍ കോളേജിലും എസ്എഫ്‌ഐയുടെ ആദ്യ രൂപമായ കെഎസ്എഫിന്റെ നേതാവ് പിണറായി വിജയനെ ചവിട്ടി വീഴ്ത്തി എന്ന കെ. സുധാകരന്റെ പ്രസ്താവനയോട് എസ്എഫ്‌ഐയുടെ പ്രതികരണം എന്താണ്?

സഖാവ് പിണറായി വിജയന്‍ പറഞ്ഞതിന് മുമ്പ് തന്നെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആ വിഷയവുമായി ബന്ധപ്പെട്ട് വന്നിരുന്നു. വളരെ കൃത്യമായി കേരളത്തിന്റെ മുഖ്യമന്ത്രി അതിനു മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചില ആഗ്രഹങ്ങളൊക്കെ ചിലര്‍ക്കുണ്ടായിട്ടുണ്ടാകാം. സ്വപ്നം കാണാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത്തരം ദിവാസ്വപ്നങ്ങളൊക്കെ മനസ്സില്‍ വെയ്ക്കുക എന്നുള്ളതാണ് മറ്റുള്ളവര്‍ ചെയ്യാറുള്ളത്. പറഞ്ഞ് നടക്കാറില്ല.

മലപ്പുറം ലോക്‌സഭ ഉപതെരെഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് സാനു കാഴ്ചവച്ചത്? ഇടതുപക്ഷം വിജയത്തിനരികെ എത്തി എന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായിട്ടും. ആ മണ്ഡലത്തില്‍ തന്നെ 94000 വോട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടതുപക്ഷത്തിനു വര്‍ധിച്ചു. 52000ത്തിലധികം വോട്ട് യുഡിഎഫിന് കുറഞ്ഞു. റിസള്‍ട്ടില്‍ ഏതാണ്ട് ഭൂരിപക്ഷത്തില്‍ 1,35000ത്തിന്റെ കുറവ് വരുത്താന്‍ വേണ്ടി പറ്റി. മലപ്പുറം ലോക്‌സഭ മണ്ഡലം രൂപീകരിച്ചതിനു ശേഷം ആദ്യമായി യുഡിഎഫിന്റെ വോട്ട് 50 ശതമാനത്തില്‍ താഴേക്ക് വന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 15 നിയമസഭാ മണ്ഡലത്തിലും ഇടതു പക്ഷത്തിനു വോട്ട് വര്‍ധിച്ചു. അതില്‍ തന്നെ പത്തോളം മണ്ഡലത്തില്‍ യൂഡിഎഫിന് വോട്ട് കുറഞ്ഞു എന്നുള്ളതാണ്. പൊന്നാനി നിയമസഭ മണ്ഡലത്തില്‍ ചരിത്രത്തിലാധ്യമായിട്ടാണ് മലപ്പുറം ജില്ലയിലെ ഏതെങ്കിലുമൊരു നിയമസഭാ മണ്ഡലത്തില്‍ ഇടതപക്ഷത്തിനു 50 ശതമാനത്തിലധികം വോട്ട് ലഭിക്കുന്നത്. ആ നിലയിലെല്ലാം ഇടതുപക്ഷത്തിനു വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തിലാകെ മാറ്റമുണ്ടാകുന്ന സമയത്തും മൂന്നും മൂന്നരയും ലക്ഷത്തിന്റെ വ്യത്യാസമാണ് മലപ്പുറത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടാകാറുള്ളത്. അത് ഏതാണ്ട് 75000ലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞത് വലിയൊരു മുന്നേറ്റമാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഏത് തെരെഞ്ഞെടുപ്പായാലും ആദ്യത്തെ അഞ്ചെണ്ണത്തില്‍ മൂന്നെണ്ണവും മലപ്പുറം ജില്ലയിലായിരിക്കും. പത്തെണ്ണമെടുത്താല്‍ ചുരുങ്ങിയത് അഞ്ചെണ്ണമെങ്കിലും മലപ്പുറം ജില്ലയിലായിരിക്കും എന്നുള്ളതാണ് മുമ്പുള്ള അവസ്ഥ. ഇപ്പോള്‍ അഞ്ചെണ്ണത്തില്‍ മലപ്പുറം മണ്ഡലത്തില്‍ ഒന്നും വരുന്നില്ല എന്നുള്ളതാണ് നിലവിലെ അവസ്ഥ. ആ നിലയ്ക്ക് മലപ്പുറത്ത് 30000ലധികം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന മണ്ഡലങ്ങളിലൊക്കെ മാറ്റം വളരെ പ്രകടമാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുന്നുണ്ട്. അത് ഇടതുപക്ഷത്തിനു അനുകൂലമാണ് ഇന്നുള്ളത് അടിവരയിടുന്ന ഒരു കാര്യമാണ്.

കേരളത്തില്‍ ചരിത്രപരമായ ഭരണ തുടര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. എങ്ങനെയാണ് ഇടതുപക്ഷത്തിനത് സാധിച്ചത്? എസ്എഫ്‌ഐയ്ക്ക് അവരുടെ ക്യാമ്പയിനുകള്‍ക്ക് പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ഈ വിജയത്തില്‍ ?

എസ്എഫ്‌ഐ നിലപാടെടുക്കുന്നത് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാനാണ്. തുടക്കം മുതലുള്ള മുദ്രാവാക്യം എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും എന്നുള്ളതാണ്. ആര് ഭരിച്ചാലും ആ മുദ്രവാക്യത്തിനു വേണ്ടി അവര്‍ സമര രംഗത്തുണ്ടാകും, ഇടപെടാനുണ്ടാകും. ഏറ്റവും മികച്ച വിദ്യാഭ്യാസം ജനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ വേണ്ടി ഗവണ്‍മെന്റിന്റെ വലിയ പരിശ്രമങ്ങള്‍ ഉണ്ടായി. അത് ദീര്‍ഘകാലമായി എസ്എഫ്‌ഐ ആവശ്യപ്പെടുന്ന പല കാര്യങ്ങളുമാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ അവകാശ പത്രിക തയ്യാറാക്കുന്നുണ്ട്. അത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ച് അത് അംഗീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. ഇനി കൊവിഡിനെ മറികടക്കുന്ന അവകാശ പത്രികയാണ് ഈ വര്‍ഷം എസ്എഫ്‌ഐ സമര്‍പ്പിക്കുക. എസ്എഫ്‌ഐ പറഞ്ഞ പല കാര്യങ്ങളും ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ വിജയിച്ചത് ഗവണ്‍മെന്റിന്റെ നേട്ടം കൊണ്ടാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തു കൊണ്ടാണ്. ഒരു വിദ്യാര്‍ത്ഥി സൗഹൃദ സ്വഭാവം ഈ ഗവണ്‍മെന്റെിന് ഉണ്ടായിട്ടുണ്ട്. തീര്‍ച്ചയായിട്ടും ഇതും വിജയത്തിനു കാരണമായിട്ടുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസത്തിനു വേണ്ടിയിട്ട് വലിയ തുക ലോണെടുക്കേണ്ടി വരുന്ന അതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്, എന്താണ് അവര്‍ക്കു വേണ്ടി എസ്എഫ്‌ഐയുടെ ഭാഗത്തു നിന്ന് എന്ത് തരത്തിലുള്ള ഇടപെടലുകളാണ് നടത്തുന്നത് ?

കൊവിഡിന്റെ സാഹചര്യത്തില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത് ആരോഗ്യ മേഖല പൂര്‍ണമായും ദേശസാത്കരിക്കുക എന്നതാണ്. വിദ്യാഭ്യാസത്തെ പൂര്‍ണമായും ഗവണ്‍മെന്റ് വത്കരിക്കുക എന്നുള്ളതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഇത് സംസ്ഥാന ഗവണ്‍മെന്റിന് ചെയ്യാന്‍ കഴിയുന്നതല്ല. കേന്ദ്ര ഗവണ്‍മെന്റ് തന്നെ ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണ്. ഒരു കുട്ടിയുടെ വിദ്യാഭ്യാസം സമൂഹത്തിന്റെ കടമയാണ് എന്ന ചിന്താഗതിയാണ് ഇടതുപക്ഷത്തിന്റേത്. എന്നാല്‍ രക്ഷിതാവിന്റെ ചുമതലയാണ് കുട്ടിയുടെ വിദ്യാഭ്യാസം എന്ന നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റിന്റേത്. അതുകൊണ്ടാണ് വലിയ തുക ലോണെടുത്ത് കോഴ്‌സ് ചെയ്യേണ്ടി വരുന്നത്. അത് മാറേണ്ടതുണ്ട്. അല്ലെങ്കില്‍ അത്തരം കോഴ്‌സുകള്‍ ഗവണ്‍മെന്റിന് ഓഫര്‍ ചെയ്യാന്‍ പറ്റണം.

ലോണുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല മാതൃകാപരമായി നിലപാട് സ്വീകരിച്ചത് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റാണ്. കാരണം നിലവിലെ സ്ഥിതി വച്ചുകൊണ്ട് നൂതന കോഴ്‌സുകളും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഗവണ്‍മെന്റീന്റെതായി ആരംഭിക്കുന്നതിനുള്ള പരിമിതികളും പ്രയാസങ്ങളും ഒക്കെ മനസിലാക്കി കൊണ്ടാണ് ഇത്തരത്തില്‍ മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ലോണെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു വേണ്ടിയിട്ടുള്ള നിലപാട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് എടുത്തിട്ടുണ്ട്. കൃത്യമായി വിദ്യാഭ്യാസം എല്ലാവര്‍ക്കും കിട്ടുക എന്നുള്ള നിലയിലേക്കുള്ള നിലപാടിലേക്ക് രാജ്യത്തെ ഗവണ്‍മെന്റ് വരാതെ ആ പ്രശ്‌നം പരിഹരിക്കപ്പെടില്ല. പരിപൂര്‍ണമായും ഗവണ്‍മെന്റിന്റെ സമൂഹത്തിന്റെ ഉത്തരവാദിത്ത്വമായി മാറുക വിദ്യാഭ്യാസം എന്നുള്ളതാണ് ശാശ്വതമായ പരിഹാരം.

 

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണന്‍

Top