മഹാരാഷ്ട്രയിൽ ‘ഇന്ത്യ’ സഖ്യം വൻ പ്രതിസന്ധിയിൽ , സി.പി.എമ്മിനു സീറ്റ് വിട്ടു നൽകിയില്ലെങ്കിൽ, പതനം പൂർണ്ണമാകും

48 ലോകസഭാംഗങ്ങളെയും 19 രാജ്യസഭാംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതായത് 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി കഴിഞ്ഞാല്‍ രണ്ടാമത് വരുന്നത് മഹാരാഷ്ട്രയാണ്. ഇവിടെ നിന്നും പരമാവധി എം.പിമാരെ വിജയിപ്പിക്കുക എന്നത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ ഡി.എ സഖ്യത്തിനും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിനും ഏറെ നിര്‍ണ്ണായകമാണ്. ശിവസേനയെയും എന്‍.സി.പിയെയും പിളര്‍ത്തി അതില്‍ നല്ലൊരു വിഭാഗത്തെയും ഒപ്പംകൂട്ടിയാണ് മഹാരാഷ്ട്ര ഭരണം ബി.ജെ.പി പിടിച്ചിരിക്കുന്നത്. ഇവര്‍ ഒത്തൊരുമിച്ച് നേരിടുന്ന ആദ്യ ലോകസഭ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

പ്രതിപക്ഷ സഖ്യത്തില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പി പവാര്‍ വിഭാഗവും കോണ്‍ഗ്രസ്സുമാണ് പ്രധാനമായും ഉള്ളത്. ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിയെ പിളര്‍ത്തിയതില്‍ രോക്ഷമുള്ള ശിവസേന എന്‍.സി.പി വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് കരുത്ത് കാട്ടാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പല മുതിര്‍ന്ന നേതാക്കളെയും ബി.ജെ.പി റാഞ്ചിയതിനാല്‍ കോണ്‍ഗ്രസ്സും ഭരണപക്ഷത്തിന് ഒരു തിരിച്ചടി നല്‍കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് ഇതിനായുള്ള വേദിയാക്കാനുള്ള പ്രതിപക്ഷ നീക്കം പൊളിക്കാന്‍ ഭരണപക്ഷവും തന്ത്രപരമായ നീക്കമാണ് നടത്തി വരുന്നത്.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ത്ഥ ശിവസേനയെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. ഉദ്ധവ് വിഭാഗത്തെ സംബന്ധിച്ച് ഇത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. ശിവസേനയ്ക്കു പുറമെ സമാനമായ മറ്റൊരു തിരിച്ചടി ശരദ് പവാര്‍ വിഭാഗം എന്‍.സി.പിക്കും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധില്‍ അജിത് പവാര്‍ വിഭാഗത്തെയാണ് യഥാര്‍ത്ഥ എന്‍ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടിയുടെ പേരും ചിന്ഹവും ഉള്‍പ്പെടെ ശരദ് പവാര്‍ വിഭാഗത്തിന് ഇനി മുതല്‍ നഷ്ടമാകും. എന്‍സിപി എന്ന പേരും ചിഹ്നവും ലോകസഭ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ വിഭാഗമാണ് ഉപയോഗിക്കാന്‍ പോകുന്നത്. എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും ശരദ് പവാര്‍ വിഭാഗം പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷത്ത് നിന്നും കൂടുതല്‍ ഒഴുക്ക് ഭരണപക്ഷത്തേക്ക് ഉണ്ടാകാനുള്ള സാധ്യതയും ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ കൂടുതലാണ്. പ്രതിപക്ഷ കപ്പല്‍ ഇങ്ങനെ മുങ്ങുന്ന അവസ്ഥയാണെന്നു തിരിച്ചറിഞ്ഞിട്ടും അതിനൊരു പോംവഴി കാണുന്നതിനു പകരം സീറ്റ് വിഭജനത്തില്‍ പരസ്പരം തര്‍ക്കിക്കുകയാണ് നേതാക്കള്‍ ചെയ്യുന്നത്.

പാര്‍ട്ടിയിലെ വലിയ വിഭാഗം അടര്‍ന്നു പോയിട്ടും സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എന്‍.സി.പി തയ്യാറല്ലന്നാണ് പുറത്ത് വരുന്ന വിവരം. അതുപോലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം എന്‍. ഡി.എ പാളയത്തില്‍ ചേക്കേറിയിട്ടും കോണ്‍ഗ്രസ്സിന്റെ വിലപേശലും കുറഞ്ഞിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്നതാണ് അവരുടെ ആവശ്യം. ഉദ്ധവ് വിഭാഗം ശിവസേനയാകട്ടെ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന പരിഗണന സീറ്റ് വിഭജനത്തിലും ലഭിക്കണമെന്ന നിലപാടിലുമാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് ആയതിനാല്‍ ശിവസേനയുടെ ആവശ്യം ന്യായമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അപ്പോഴും ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഈ മൂന്നു പാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്താന്‍ കഴിയുമോ എന്നതാണത്.

ഇവിടെയാണ് സി.പി.എം ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പ്രസക്തമാകുന്നത്. ഇന്ത്യാ മുന്നണിയില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഉണ്ടെങ്കിലും മഹാരാഷ്ട്രയില്‍ സി.പി.എം സ്വന്തം നിലയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ സി.പി.എമ്മിന് ചുരുങ്ങിയത് 5 ലോകസഭ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക സ്വാധീനമുണ്ട്. സി. പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ സ്വാധീനമാണത്. പ്രക്ഷോഭ രംഗത്തും ഇടതു സംഘടനകളാണ് മുന്‍പന്തിയിലുള്ളത്.

ബി.ജെ.പി സര്‍ക്കാറിനെതിരെ മഹാരാഷ്ട്രയില്‍ ഏറ്റവും അധികം പ്രക്ഷോഭം നടത്തിയതും ഇടതുപക്ഷ സംഘടനകളാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ ദാത്യമെങ്കില്‍ തീര്‍ച്ചയായും സി.പി.എമ്മിനെ രണ്ടു സീറ്റുകളിലെങ്കിലും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും ഉള്‍പ്പെടെ തയ്യാറാകുകയാണ് വേണ്ടത്. അതല്ലെങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിന്റെ നേട്ടം മഹാരാഷ്ട്രയിലും . . . ബി.ജെ.പിയാണ് കൊണ്ടു പോകുക.

യുപിയിലും മഹാരാഷ്ട്രയിലുമായി 128 ലോകസഭ സീറ്റുകളാണുള്ളത്. ഇതില്‍ 120 ഉം ലക്ഷ്യമിട്ടാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. കേരളം തമിഴ്നാട് തെലങ്കാനആന്ധ്ര എന്നീ 4 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും വലിയ വിജയ പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. ആന്ധ്രയില്‍ ആര് ജയിച്ചാലും കേന്ദ്രത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംഭവിക്കാന്‍ പോകുന്നത്. ഒറീസയിലെ സ്ഥിതിയും ഇതിനു സമാനമായിരിക്കും. കര്‍ണ്ണാടകയും ഹിമാചല്‍ പ്രദേശും കോണ്‍ഗ്രസ്സാണ് ഭരിക്കുന്നതെങ്കിലും ലോകസഭ തിരഞ്ഞെടുപ്പില്‍ തൂത്ത് വാരാന്‍ കഴിയുമെന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും പിടിമുറുക്കുന്നതിനു വേണ്ടിയാണ് അവരിപ്പോള്‍ കെജരിവാളില്‍ പിടിമുറുക്കിയിരിക്കുന്നത്. ഇ.ഡി എന്ന ‘വാളിനു’ മീതെ പറക്കാന്‍ കെജരിവാളിനു കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയൊള്ളൂ. ഝാര്‍ഖണ്ഡിലെ ഭരണപക്ഷത്തിന്റെ അവസ്ഥയും ഇതു തന്നെയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും നേതാക്കളെ കുരുക്കിയും ഇന്ത്യാ സഖ്യത്തെ പ്രതിരോധത്തിലാക്കി 400 സീറ്റുകള്‍ നേടി അധികാരത്തില്‍ വരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതു സംഭവിച്ചാല്‍ കേഡര്‍ പാര്‍ട്ടികളല്ലാത്ത പാര്‍ട്ടികള്‍ക്ക് പിന്നെ ഈ മണ്ണില്‍ പിടിച്ചു നില്‍ക്കുക എന്നത് ഏറെ പ്രയാസകരമായി മാറാനാണ് സാധ്യത.

EXPRESS KERALA VIEW

Top