മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് 19 രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഗുജറാത്തിലും തമിഴ്നാട്ടിലും കൊവിഡ് ബാധിതര്‍ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയില്‍ ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 74281 ആയി. ഇതുവരെ 2415 പേരാണ് രാജ്യത്ത് മരിച്ചത്.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 29 മരണവും 364 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 9268ഉം മരണം 566ഉം ആയി. ഇതില്‍ അഹമ്മദാബാദില്‍ മാത്രം 6645 കേസുകളും 446 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.

24 മണിക്കൂറിനിടെ 509 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 9227 കൊവിഡ് ബാധിതരില്‍ 5262 പേരും ചെന്നൈയിലാണ്. കോയമ്പേട് മാര്‍ക്കറ്റിലെ വ്യാപാരികള്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആരോപിച്ചു.

ഡല്‍ഹിയില്‍ ആകെ കൊവിഡ് കേസുകള്‍ 7998ഉം മരണം 106ഉം ആയി ഉയര്‍ന്നു. ഉത്തം നഗര്‍ സ്റ്റേഷനിലെ SHO കൊവിഡ് ബാധിതനായി. രാജസ്ഥാനില്‍ 202 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1699 ആയി. ഇതുവരെ 121 പേര്‍ മരിച്ചു. ഗ്രീന്‍ സോണായിരുന്ന ഗോവയില്‍ റോഡ് മുഖേനയെത്തിയ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top