മഹാരാഷ്ട്രയിൽ ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ഒളിവിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്വത്തിൽ. സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയാണ് നടക്കുന്നതെന്നാണ് വിവരം. മഹാ വികാസ് അഖാഡി സഖ്യത്തിലെ മൂന്ന് മന്ത്രിമാരടക്കം 22 എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. ശിവസേനയുടെ എംഎൽഎമാരാണ് ഇവർ.

എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളതെന്നാണ് സൂചന. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഗുജറാത്തിൽ നിന്നുള്ള ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

മധ്യപ്രദേശോ രാജസ്ഥാനോ അല്ല മഹാരാഷ്ട്രയെന്ന് ബി ജെ പി ഓർക്കണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. മഹാരാഷ്ട്രയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ദില്ലിക്ക് യാത്ര തിരിച്ചു. കോൺഗ്രസ്‌ എംഎൽഎ മാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നടക്കുന്നത് ജനാധിപത്യത്തെ കൊല്ലാനുള്ള ബിജെപി ശ്രമമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു.

എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം മഹാരാഷ്ട്രയിലെ താനെയിൽ ഏകനാഥ് ഷിൻഡേയുടെ വസതിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വീടിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണിത്.

Top