In law academy issue-govt decisions

തിരുവനന്തപുരം: മരത്തിൽ കയറിയും ദേഹത്ത് പെട്രോൾ ഒഴിച്ചും ആത്മഹത്യ ഭീഷണി ഉയർത്തിയിട്ടും ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കാത്തതും സർക്കാർ അതിനായി ‘സമ്മർദ്ദം’ ചൊലുത്താതിരുന്നതിലും സമരക്കാർക്കിടയിൽ അമർഷം പുകയുന്നു.

എസ്എഫ്ഐക്ക് നൽകിയതിനപ്പുറം ഒരു ഉറപ്പ് പ്രതീക്ഷിക്കേണ്ടതില്ലന്നാണ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെയും നിലപാട്. എസ്എഫ്ഐ പറഞ്ഞിട്ട് രാജിവക്കാത്തവൾ സമരക്കാരുടെ ചെപ്പടിവിദ്യ കണ്ട് രാജിവച്ചാൽ അതിനെ ‘അതിന്റേതായ ‘രൂപത്തിൽ തന്നെ കാണുമെന്ന നിലപാടിലാണ് എസ്എഫ്ഐ നേതാക്കൾ.

പാർട്ടി നേതൃത്വവുമായി കൂടി ആലോചിച്ചാണ് രാജി ആവശ്യം മാറ്റി വച്ച് അഞ്ച് വർഷത്തേക്ക് മാറി നിൽക്കാമെന്ന ധാരണ എസ്എഫ്ഐ ഉണ്ടാക്കായതെന്നതിനാൽ സി പി എം നേതൃത്വവും സർക്കാറിൽ സി പി ഐ മന്ത്രിമാർ ഒഴികെയുള്ളവരും എസ്എഫ്ഐ നിലപാടിനൊപ്പമാണ്.

വിദ്യാഭ്യാസ മന്ത്രി വിളിച്ച ചർച്ചയും പരാജയപ്പെട്ടതോടെ ലോ അക്കാദമി സംഘർഷ സാധ്യത ചൂണ്ടി കാട്ടി മാനേജുമെന്റ് അടച്ചിടുകയും ചെയ്തു.

സി പി ഐ നേതൃത്വം സമരം ഒത്ത് തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിട്ടും മുഖ്യമന്ത്രിയും സി പി എം നേതൃത്വവും അവഗണിക്കുന്ന നിലപാട് തുടരുന്നതിൽ സി പി ഐയിലും പ്രതിഷേധം പുകയുകയാണ്. വിദ്യാഭ്യാസ മന്ത്രി മനസ്സ് വെച്ചാൽ സമരം തീരുമെന്നാണ് സി പി ഐ നേതൃത്വത്തിന്റെ നിലപാട്.

പ്രശ്നത്തിൽ സി പി ഐ നേതാക്കളും എസ്എഫ്ഐയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതും സി പി ഐ മുഖപത്രം മുഖമന്ത്രിക്കും എസ്എഫ്ഐക്കുമെതിരെ രംഗത്ത് വരികയും ചെയ്തതിനാൽ ഇനി സമവായ ചർച്ചക്ക് മുൻകൈ എടുക്കേണ്ടതില്ലന്നാണ് സി പി എം നിലപാട്.

വിഷയം മുന്നണിയിലും സർക്കാറിലും ഭിന്നതക്ക് കാരണമായിട്ടും സി പി എം നേതൃത്വവും മുഖ്യമന്ത്രിയും ഒരു തരത്തിലുമുള്ള വിട്ട് വീഴ്ചക്കും ഇതുവരെ തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് ബി ജെ പി- യു ഡി എഫ് – ആർ എസ് എസ് മഹാ സഖ്യമാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണവും സി പി ഐ യെ ലക്ഷ്യമിട്ടാണ്.

പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സി പി ഐ സമരം നടത്തുന്നതിന്റെ യുക്തിയെയാണ് സി പി എം ഇവിടെ ചോദ്യം ചെയ്യുന്നത്.

ഭരണവും സമരവും ഒരുമിച്ച് വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രി. സമരം തുടരണമെങ്കിൽ മുന്നണിയിൽ നിന്നും സർക്കാരിൽ നിന്നും പുറത്ത് പോയിട്ട് നടത്തട്ടെ എന്നാണ് സി പി എം നേതാക്കൾക്കിടയിലെ വികാരം.

വേണ്ടി വന്നാൽ ഇതിന് അനുസരിച്ച നിലപാട് സ്വീകരിക്കാൻ ചില ‘കരുതലുകളും’ സി പി എം കണ്ട് വച്ചിട്ടുണ്ടത്രെ.

ഒരു സ്വാശ്രയ മാനേജ്മെന്റ് സംവിധാനത്തിൽ മാനേജ്മെൻറിനെ കൊണ്ട് എടുപ്പിക്കാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ എസ്എഫ്ഐ നേടിയിട്ടുണ്ടെന്നും ഇതിലുള്ള ഈഗോയാണ് ഒത്തുതീർപ്പ് അംഗീകരിക്കാതെ സമരം തുടരാൻ സമരക്കാരെ പ്രേരിപ്പിക്കുന്നതെന്നുമാണ് സി പി എംന്റെയും എസ്എഫ്ഐയുടെയും ആരോപണം.

സി പി ഐ വിദ്യാർത്ഥി-യുവജന സംഘടനകൾ കൂടി സമര രംഗത്തുള്ളതിനാൽ സർക്കാർ മുൻകൈ എടുത്ത് പെട്ടന്ന് സമരം തീർക്കുമെന്ന സമരക്കാരുടെ കണക്ക് കൂട്ടിലാണ് ഇതോടെ പിഴച്ചത്.

കോൺഗ്രസ്സ് നേതാവ് കെ.മുരളീധരനും ബി ജെ പി സംസ്ഥാന നേതാവ് വി വി രാജേഷും നിരാഹാരം തുടരുന്ന പശ്ചാതലത്തിൽ ഇനിയും സമരം അനന്തമായി മുന്നോട്ട് കൊണ്ട് പോയാൽ അത് കോൺഗ്രസ്സിനും ബിജെപിക്കും തലവേദനയാകും. പകരം നിരാഹാരം കിടക്കാൻ സംസ്ഥാന നേതാവിനെ തന്നെ കണ്ടെത്തേണ്ടി വരുമെന്നത് ഇരു പാർട്ടികളും നേരിടുന്ന വെല്ലുവിളിയാണ്.

നിയമസഭയിൽ മൂന്ന് കോൺഗ്രസ്സ് എം എൽ എ മാർ സ്വാശ്രയ പ്രശ്നത്തിൽ നിരാഹാരം കിടന്നപ്പോൾ തിരഞ്ഞ് നോക്കാതിരുന്ന മുഖ്യമന്ത്രി ലോ അക്കാദമി സമരത്തിൽ ‘അത്ഭുതം’ കാട്ടമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്തതാണ് ഇതിന് പ്രധാന കാരണം.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ നേതൃത്വത്തിന്റെ അറിവോടെ എ ബി വി പി പ്രവർത്തകൻ മരകൊമ്പിൽ കയറിയതും എ ഐ വൈ എഫ് പ്രവർത്തകർ ദേഹത്ത് പെട്രോൾ ഒഴിച്ചതും.

ലക്ഷ്മി നായരെങ്കിലും പേടിച്ച് രാജിവച്ചാലോ എന്നായിരുന്നുവത്രെ കണക്ക് കൂട്ടൽ. റവന്യൂ വകുപ്പ് കൈവശമുണ്ടായിരുന്നതിനാൽ ജില്ലാ ഭരണകൂടത്തെ സ്ഥലത്തേക്ക് പെട്ടന്ന് പറഞ്ഞ് വിടാൻ സി പി ഐക്ക് കഴിഞ്ഞു എന്നതിനപ്പുറം ഒന്നും തന്നെ അവിടെ സംഭവിച്ചില്ല. ആത്മഹത്യാ ഭീഷണി തുടരുമ്പോൾ ഒരു പ്രതികരണത്തിന് പോലും ലക്ഷ്മി നായർ തയ്യാറായിരുന്നില്ല.

ഫയർഫോഴ്സും പൊലീസും ഇടപെട്ടതോടെ ആത്മഹത്യാ ഭക്ഷണി നനഞ്ഞ പടക്കമായി മാറിയെങ്കിലും സംഭവം ചാനലുകളിൽ മണികൂറുകളോളം ലൈവാക്കി നിർത്തുന്നതിൽ എന്നാൽ പ്രതിഷേധക്കാർ വിജയിച്ചു.

അതേസമയം ലോ അക്കാദമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 48 മണികൂർ വിദ്യാഭ്യാസ ബന്ദിന് സംയുക്ത വിദ്യാർത്ഥി യൂണിയൻ ഇപ്പോൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

Top