കെടിയു; സിണ്ടിക്കേറ്റ് ഉപസമിതി വിസിയെ നിയന്ത്രിക്കുന്നുവെന്ന് ആക്ഷേപം, മിനുട്സിൽ വിസി ഒപ്പിട്ടില്ല

തിരുവനന്തപുരം: കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ സിണ്ടിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലി തർക്കം രൂക്ഷം. തീരുമാനമെടുത്ത സിണ്ടിക്കേറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മിനുട്സിൽ വിസി സിസ തോമസ് ഒപ്പിടാനിടയില്ല. ചൊവ്വാഴ്ച ചേരുന്ന സെനറ്റ് യോഗത്തിൽ വീണ്ടും തർക്കത്തിന് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന കെടിയു സിണ്ടിക്കേറ്റ് യോഗത്തിൽ വിസി ഒറ്റപ്പെട്ട നിലയിലായിരുന്നു. സർവകലാശാലകളുടെ ദൈനം ദിനകാര്യങ്ങൾക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പികെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. സർക്കാറിനെ മറികടന്ന് ഗവർണ്ണർ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കൽ തന്നെയാണ് യഥാർത്ഥലക്ഷ്യം. അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനങ്ങളെടുത്തതോടെ വിസി എതിർപ്പ് ഉയർത്തിയിരുന്നില്ല. യോഗ തീരുമാനങ്ങൾ വാർത്താകുറിപ്പായി ഇറക്കിയതും വിസിയോ പിആർഒ ആയിരുന്നില്ല. വിസി വാർത്താകുറിപ്പ് തയ്യാറാക്കുന്നതിനിടെ സിണ്ടിക്കേറ്റ് അംഗങ്ങൾ തന്നെ വാർത്താകുറിപ്പു പുറത്തിറക്കുകയായിരുന്നു. ഇതില്ലെല്ലാം വിസിക്ക് അതൃപ്തിയുണ്ട്.

മാത്രമല്ല. ചാൻസലറും വിസിയും തമ്മിലെ കത്തിടപാടുകൾ സിണ്ടിക്കേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന സിണ്ടിക്കേറ്റ് തീരുമാനത്തിലും വിസിക്ക് അമർഷമുണ്ട്. വിസിയെ എല്ലാ അർത്ഥത്തിലും സിണ്ടിക്കേറ്റ് മറികടക്കുന്നുവെന്നാണ് പരാതി. അതേ സമയം മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായി വിസിക്ക് ദൈനം ദിനകാര്യങ്ങളിൽ കെടിയുവിൽ അധികാരം പരിമിതമാണെന്ന് സിണ്ടിക്കേറ്റ് അംഗങ്ങൾ വിശദീകരിക്കുന്നു. എന്നാൽ അത് ശരിയല്ലെന്ന നിലപാടിലാണ് വിസി. നിയമപരമായ പരിശോധനക്ക് ശേഷം മാത്രമാണ് മിനുട്ടിസിൽ വിസി ഒപ്പിടൂ. ഒപ്പിട്ടില്ലെങ്കിൽ സിണ്ടിക്കേറ്റ് വിസിക്കെതിരെ കടുപ്പിക്കാനും സാധ്യതയുണ്ട്. നടന്ന സംഭവങ്ങളെ കുറിച്ച് വിസി ചാൻസലർക്ക് റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്

അതിനിടെ കെടിയു താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ നിയമനം ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ഗർണ്ണറുടെ വിജ്ഞാപനം സ്റ്റേ ചെയ്ത് വിസി ചുമതല കേരളത്തിലെ മറ്റ് വിസിമാർക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയ്ക്കോ കൈമാറണമെന്നാണ് ആവശ്യം. സർക്കാർ അപ്പീൽ പരിഗണിച്ച കോടതി, സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബെഞ്ച് നിർദേശം സ്റ്റേ ചെയ്തിട്ടുണ്ട്.സിംഗിൾ ബഞ്ച് ഉത്തരവ് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു നടപടി.സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്നാണ് യുജിസി കോടതിയെ അറിയിച്ചത്

ഗവർണ്ണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. ഗവർണ്ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

സർവ്വകലാലയിലെ വിസി നിയമനം വേഗത്തിലാക്കണമെന്ന മറ്റൊരു ഹർജയിൽ രണ്ട് മാസത്തിനകം സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ, സെനറ്റിന് ഇതേ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജി പരിഗണിക്കുക.

Top