കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത് ഒരു കോടിയിലേറെ പേര്‍ക്ക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് ഇതുവരെ ഒരു കോടിയിലേറെ പേര്‍ക്ക് നല്‍കിയെന്ന് സംസ്ഥാന ആരോഗ്യന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 1,00,69,673 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ അധിക ഡോസ് വാക്‌സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്‌സുമാരുടെ കഴിവ് മൂലമാണ്. മറ്റ് ചില സംസ്ഥാനങ്ങള്‍ കിട്ടിയ വാക്‌സിന്‍ പോലും പാഴാക്കിയപ്പോഴാണ് കേരളത്തിന്റെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് 26,89,731 പേര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വീതം നല്‍കിയിട്ടുണ്ട്.

സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും വാക്‌സിന്‍ സ്വീകരിച്ചുവെന്നും ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും വീണാ ജോര്‍ജ് അറിയിച്ചു.

Top