കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് വരുമാനം വെളിപ്പെടുത്താത്ത എംഎല്‍എമാരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എം.എല്‍.എമാരുടെ ശരാശരി വാര്‍ഷിക വരുമാനം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.

കേരളത്തിലെ 84 അംഗങ്ങള്‍ വരുമാനം വെളുപ്പെടുത്തിയിട്ടില്ലെന്ന് എ.ഡി.ആറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ബാക്കി 56 എം.എല്‍.എമാരുടെ ആകെ വാര്‍ഷിക വരുമാനം പതിനാലു കോടി രൂപയാണ്. ഇവരുടെ ശരാശരിയെടുത്താല്‍ 25ലക്ഷം രൂപയും. ധനികരായ എം.എല്‍.എമാരുടെ കൂട്ടത്തില്‍ പന്ത്രണ്ടാം സ്ഥാനത്ത് കേരളത്തില്‍ നിന്ന് കെ.മുരളീധരനുണ്ട്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം.

രാജ്യത്ത് ആകെയുള്ള 4086 എം.എല്‍.എമാരില്‍ 941 പേര്‍ ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ല.

157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരിലെ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി ബാലയാണ് പാവപ്പെട്ട എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാമത്. 41,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദന്‍ ഈ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്.

Top