കശ്മീരില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു, മകന്റെ ജീവത്യാഗത്തില്‍ അഭിമാനമെന്ന് പിതാവ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു. മധ്യപ്രദേശിലെ സാത്‌ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ് തന്റെ 23-ാം ജന്മദിനത്തില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

മകനു ജന്മദിനാശംസകള്‍ അറിയിക്കാന്‍ തയാറായി നിന്ന കുടുംബത്തെ തേടി കന്‍വീര്‍ സിങ്ങിന്റെ മരണവാര്‍ത്തയെത്തിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഭോപ്പാലില്‍ നിന്നും 400 കിലോ.മീറ്റര്‍ അകലെയാണ് കന്‍വീര്‍ സിങ്ങിന്റെ ജന്മദേശം സ്ഥിതി ചെയ്യുന്നത്. കന്‍വീറിന്റെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ അദ്ദേഹത്തിന്റെ മേധാവിയാണ് ഷോപിയാനില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കന്‍വീര്‍ സിങ് കൊല്ലപ്പെട്ടെന്ന സന്ദേശം അറിയിച്ചത്.

‘ഒരു മുന്‍ സൈനികനെന്ന നിലയില്‍ അവന്റെ മരണത്തോട് ധൈര്യപൂര്‍വം പ്രതികരിക്കാന്‍ എനിക്കായി. പക്ഷേ അവന്റെ അമ്മക്ക് അത് താങ്ങാനായില്ല. 2017ല്‍ രജ്പുത് റജിമെന്റിലാണ് കന്‍വീര്‍ സിങ് ആദ്യമായി ജോലിക്കെത്തിയത്. രാജ്യത്തെ സേവിക്കുന്നതിനാണ് അവന്‍ സൈന്യത്തില്‍ ചേര്‍ന്നത്. തീവ്രവാദികളെ തുരത്താനായി മകന്‍ ജീവത്യാഗം ചെയ്തതില്‍ അഭിമാനമുണ്ടെന്നും’ കന്‍വീര്‍ സിങ്ങിന്റെ പിതാവ് രവി സിങ് പറഞ്ഞു. കന്‍വീര്‍ സിങ്ങിന്റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിക്കും.

Top