കർണാടകയിൽ വിവാ​ഹവാ​ഗ്ദാനം നൽകി മതംമാറ്റിയെന്ന പരാതിയുമായി യുവതി

കർണാടക: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ എന്ന 24 കാരനെയാണ് ബം​ഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 19 കാരിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൻമേലാണ് അറസ്റ്റ്. സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.

ബം​ഗളൂരുവിൽ ദലിത് യുവാവിനെ നിർബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയിൽ മുൻ കൗൺസിലറെയും സഹായികളെയും ബെം​ഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിം​ഗാ​ഗ്ര ചർമം ഛേദിക്കുകയും ബീഫ് നൽകുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗൺസിലിൽ ബനശങ്കരി ക്ഷേത്രം മുൻ കൗൺസിലർ എസ് അൻസാർ പാഷ (50), ബനശങ്കരി മസ്ജിദ് ഖബറിസ്ഥാൻ പ്രസിഡന്റ് നയാസ് പാഷ (50), ഹാജി സാബ് എന്ന ഷമീം സാലിക്ക് (50) എന്നിവരെയാണ് ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

മസ്ജിദ് കമ്മിറ്റി അംഗം കൂടിയാണ് അൻസാർ പാഷ. മറ്റൊരു നിർബന്ധിത മതപരിവർത്തന കേസിൽ അതാർ റഹ്മാൻ (35), ഷബീർ (30) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

 

Top