In Karnataka, 122 policemen killed themselves between 2003-13

police

ബംഗളൂരു: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കര്‍ണ്ണാടകയില്‍ ആത്മഹത്യ ചെയ്തത് നൂറ്റിഇരുപത്തിരണ്ടോളം പൊലീസുകാരെന്ന് കണക്കുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട വിവരപ്രകാരമാണിത്.

2003 നും 2013 നും ഇടയിലുള്ള പത്ത് വര്‍ഷത്തെ കണക്കാണിത്. ബാക്കിയുള്ള മൂന്നു വര്‍ഷത്തെ കണക്കുകള്‍ക്കൂടി പരിശോധിച്ചാല്‍ ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ വര്‍ഷവും പന്ത്രണ്ടോളം പൊലീസ് ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 2003 ല്‍ ഒന്‍പതും 2013 ല്‍ പതിനഞ്ചും പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. 2007 ലാണ് ഏറ്റവും അധികം ജീവനക്കാര്‍ മരിച്ചത്. 27 ഓളം പേരാണ് 2007 ല്‍ മാത്രം ജീവിതം അവസാനിപ്പിച്ചത്. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും ആത്മഹത്യ ചെയ്തതെന്നും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ പീഡനവും മാനസിക പീഡനവും സഹിക്കാന്‍ കഴിയാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. കൊടക് ജില്ലയിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം കെ ഗണപതിയും ബേല്‍ഗാവി ടൗണിലെ ഡെപ്യൂട്ടി സൂപ്രണ്ട് കല്ലപ്പ ഹാന്തിബാഗുമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യ കര്‍ണ്ണാടക സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

ജൂണ്‍ അഞ്ചിനാണ് ചിക്കമഗലൂരൂ ഡിഎസ്പി കല്ലപ്പ ഹാന്തിബാഗ് ബേലഗാവിലെ മുരഗോഡില്‍ ആത്മഹത്യ ചെയ്തത്. ചൂതാട്ടത്തിന് അകത്തായ പ്രതിയെ പുറത്തിറക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഉദ്യോഗസ്ഥന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

ഉന്നതരില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് മംഗളുരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എം കെ ഗണപതി ജൂണ്‍ 7 ന് ആത്മഹത്യ ചെയ്തത്.

പൊലീസ് യൂണിഫോമില്‍ കുടകിലെ ഒരു ലോഡ്ജില്‍ ഗണപതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സംസ്ഥാന മന്ത്രി കെ ജെ ജോര്‍ജ്ജ് ആയിരിക്കുമെന്ന് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ട അഭിമുഖത്തില്‍ ഗണപതി പറയുന്നുണ്ട്. മന്ത്രി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ഗണപതി ആരോപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളുടെ പേരില്‍ മന്ത്രിയും രണ്ട് ഉന്നത പൊലീസ് ഉദ്യേഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഗണപതി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

51 കാരനായ ഗണപതി അഴിമതി ആരോപണങ്ങളുടേയും വ്യാജ ഏറ്റുമുട്ടലുകളുടേയും പേരില്‍ അന്വേഷണം നേരിടുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഗണപതി തന്നെ വന്നുകണ്ട് തനിക്കെതിരായ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അന്നത്തെ ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നു.

കര്‍ണ്ണാടക പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരാഴ്ചക്കിടയിലുള്ള ആത്മഹത്യ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Top