കാബൂളിലെ ഗുരുദ്വാര അക്രമണം; ഐഎസ് വെറും പേരിന്; ഇന്ത്യയെ ലക്ഷ്യംവെച്ച് അയല്‍ക്കാര്‍?

കാബൂളിലെ ഗുരു ഹര്‍ റായ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യയെ തന്നെയെന്ന് റിപ്പോര്‍ട്ട്. 28 സിഖ് വിശ്വാസികള്‍ കൊല്ലപ്പെടുകയും, എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ കൈകള്‍ തന്നെയാണ് അക്രമണത്തിന് പിന്നിലെന്ന് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചുകഴിഞ്ഞു.

ഹഖാനി നെറ്റ്‌വര്‍ക്കും, ലഷ്‌കര്‍ ഇ തോയ്ബ ഭീകരരും കാബൂളിലെ ഇന്ത്യന്‍ എംബസിയും, ജലാദാബാദ്, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ലക്ഷ്യം വെയ്ക്കുമെന്ന ഇന്ത്യന്‍, പാശ്ചാത്യ ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ മിഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഗുരുദ്വാര ഇവര്‍ അക്രമത്തിനായി തെരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് ബ്ലാക്ക്സ്റ്റാര്‍ എന്ന് കോഡ് നാമം നല്‍കിയാണ് ഹഖാനി നെറ്റ്‌വര്‍ക്കും, ലഷ്‌കര്‍ അംഗങ്ങളെയും ഉപയോഗിച്ച് ഗുരുദ്വാരയ്ക്ക് നേരെ അക്രമം സംഘടിപ്പിച്ചതെന്നാണ് ഡല്‍ഹിയില്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇന്ത്യയെ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യമാണ് പാകിസ്ഥാനുള്ളത്.

താലിബാനുമായി അമേരിക്ക ഫെബ്രുവരി 29ന് കരാര്‍ ഒപ്പുവെച്ചതോടെ അഫ്ഗാനിസ്ഥാനില്‍ അക്രമണം തലപൊക്കുകയാണ്. ഹഖാനി നെറ്റ്‌വര്‍ക്ക് പുനഃസംഘടിപ്പിക്കുന്നതിന് പുറമെ പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ക്യാംപുകളും ഇവിടേക്ക് മാറ്റുകയാണ്. താലിബാന്‍സ ഹഖാനി നെറ്റ്‌വര്‍ക്ക്, ലഷ്‌കര്‍, ജെയ്‌ഷെ എന്നിവയെ നിയന്ത്രിക്കുന്ന പാകിസ്ഥാന് ഇനി അഫ്ഗാനില്‍ നിന്നും കശ്മീരിലേക്ക് അക്രമം സംഘടിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്.

ഈ ഭീകരസംഘങ്ങള്‍ അക്രമം സംഘടിപ്പിക്കുമ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റും, അല്‍ഖ്വായ്ദയും സോഷ്യല്‍ മീഡിയ പോരാട്ടം നടത്തുമെന്നാണ് ഇന്റലിജന്‍സ് വിവരങ്ങള്‍. ലോകം കൊറോണാവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പാക് രഹസ്യ വിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ എതിരായ ജിഹാദ് നയിക്കുന്ന തിരക്കിലാണ്.

Top