രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരിൽ നേരിയ കുറവ്

ഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 6594 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കടന്നു. നിലവിൽ 50,548 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 4035 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,61,370 ആയി. രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്.

അതിനിടെ മുംബൈയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബിഎ4, ബിഎ5 എന്നിവയാണ് കണ്ടെത്തിയത്. ബിഎ4 വകഭേദം ബാധിച്ച മൂന്നു കേസുകളും ബിഎ5 വകഭേദം സ്ഥിരീകരിച്ച ഒരു രോഗിയെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഇതുവരെ ഒമൈക്രോൺ വകഭേദങ്ങൾ സ്ഥിരീകരിച്ച 13 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 15.6 ശതമാനമാണ്. തമിഴ്‌നാട്ടിൽ ഒരാൾക്കും നേരത്തെ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. 2022 ൽ ദക്ഷിണാഫ്രിക്കയിലാണ് ബിഎ4, ബിഎ5 വകഭേദങ്ങൾ ആദ്യം കണ്ടെത്തുന്നത്. ബിഎ4 വകഭേദം 42 രാജ്യങ്ങളിലും ബിഎ5 വകഭേദം 47 രാജ്യങ്ങലിലും പടർന്നുപിടിച്ചിട്ടുണ്ട്.

Top