ഹിമാചല്‍ പ്രദേശില്‍ വീണ്ടും ചെങ്കൊടി പാറി, തിയോഗില്‍ സി.പി.എമ്മിന് വിജയം

സിംല: ഹിമാലയത്തില്‍ ചെങ്കൊടി പാറിച്ച് സി.പി.എം.

പ്രതികൂല സാഹചര്യത്തിലും ഒറ്റക്ക് മത്സരിച്ച സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയാണ് തിയോഗ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്.

മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയാണ് രാകേഷ്.

ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെയാണ് രാകേഷ് സിംഗ പരാജയപ്പെടുത്തിയത്. ഇവിടെ മുന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്സ്.

ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമില്ലെങ്കിലും സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനയായ എസ്.എഫ്.ഐക്ക് വലിയ സ്വാധീനം സംസ്ഥാനത്തുണ്ട്. ഹിമാചല്‍ സര്‍വകലാശാല യൂണിയന്‍ ദീര്‍ഘകാലം ഭരിച്ച സംഘടനയാണ് എസ്.എഫ്.ഐ.

ജനങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഇവിടെ സി.പി.എം ഉപയോഗപ്പെടുത്തി വന്നിരുന്നത്.

ഹിമാചല്‍ തലസ്ഥാനമായ സിംലയിലും സി.പി.എമ്മിനും എസ്.എഫ്.ഐക്കും വലിയ സ്വാധീനമുണ്ട്.

1993 ലെ തിരഞ്ഞെടുപ്പില്‍ ഷിംലയില്‍ നിന്നും അട്ടിമറി വിജയം നേടിയ നേതാവാണ് രാകേഷ് സിംഗ.

25555397_2046558002242712_1264983673_n

ഇതടക്കം നേരത്തെ മൂന്ന് തവണ ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.

തിയോഗിലെ വിജയം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാന്‍ കരുത്താകുമെന്നാണ് സി.പി.എം – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

ഹിമാചല്‍പ്രദേശില്‍ ചോരചിന്തിയ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് രാകേഷ് സിംഗ.

കാല്‍ നൂറ്റാണ്ടിനുശേഷമാണ് വീണ്ടും നിയമസഭയിലേക്കെത്തുന്നത്.

24,719 വോട്ടുകളുമായി ബിജെപി സ്ഥാനാര്‍ഥി രാകേഷ് വര്‍മ്മയേക്കാള്‍ 1983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗയുടെ വിജയം. വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ വ്യക്തമായ ലീഡ് സിപിഎം ഇവിടെ നേടിയിരുന്നു.

ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ പഠിക്കവേ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന രാകേഷ് സിംഗയെ ഭരണവര്‍ഗ ശക്തികള്‍ നിരന്തരം വേട്ടയാടിയിട്ടുണ്ട്.

ഒട്ടേറെ തവണ പൊലീസ് മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. വീണ്ടും തിയോഗില്‍നിന്ന് സിംഗയെ വിജയിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മണ്ഡലത്തിലെ എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍.

ഹിമാലയന്‍ മലനിരകളില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഈ മണ്ഡലത്തിലെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ന്നത് ഒരേ മുദ്രാവാക്യമായിരുന്നു ‘ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഗ ജൈസാ ഹോ’ (നമ്മുടെ എംഎല്‍എ എങ്ങനെയാകണം? രാകേഷ് സിംഗയെപ്പോലെയാകണം).

25488624_2046557998909379_1700522759_n

2015ല്‍ രാകേഷ് സിംഗയ്ക്കുനേരെ വധശ്രമവും നടന്നു. കാറില്‍ സഞ്ചരിക്കവെ എതിരെ കാര്‍ കൊണ്ടിടിച്ച് വധിക്കാനായിരുന്നു ശ്രമം. സിംഗ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ വിദഗ്ധമായി കാര്‍ വെട്ടിത്തിരിച്ചതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിനു മീതെ ഒരു ഹെലികോപ്റ്ററും സംശയകരമായി പറക്കുന്നുണ്ടായിരുന്നു.

ഹിമാചല്‍പ്രദേശിലെ കിനോറില്‍ വന്‍കിട കോര്‍പറേറ്റ് സ്ഥാപനമായ ജേയ്പീ നിര്‍മിക്കുന്ന വാങ്ടു കര്‍ച്ചാം ജലവൈദ്യുതനിലയത്തില്‍ തൊഴിലാളികളെ ചൂഷണംചെയ്യുന്നതിനെതിരെ പണിമുടക്കിന് രാകേഷ് സിംഗ നേതൃത്വം നല്‍കിവരികയായിരുന്നു.

ജേയ്പീ കമ്പനിക്കുവേണ്ടി സമരത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുവന്നിരുന്നു. ഇതിനിടെയാണ് തൊഴിലാളികളുടെ റാലിയില്‍ പങ്കെടുക്കാനായി കിനോറിലേക്ക് പോകവെ രാംപുരില്‍വച്ച് ആക്രമണം നടന്നത്. ആക്രമണത്തിന് ഉപയോഗിച്ച കാറും അതിലുണ്ടായിരുന്നവരെയും നാട്ടുകാര്‍ സംഭവസ്ഥലത്തു നിന്നും പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

രാജ്യത്ത് ഇടതുപക്ഷത്തിന് തന്നെ അഭിമാനമായിരിക്കുകയാണ് ഹിമാചലിലെ സമരനായകന്റെ വിജയം.

Top