സൗഹൃദ മത്സരത്തില്‍ കാമറൂണിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ അണ്ടര്‍ 16 ടീം

ഇസ്താന്‍ബുള്‍: ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ കാമറൂണിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ അണ്ടര്‍ 16 ടീം. കഴിഞ്ഞ ദിവസം ഇസ്താന്‍ബുളില്‍ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു കാമറൂണിനെ 2-1 എന്ന ഗോള്‍ നിലയില്‍ ഇന്ത്യ കീഴ്‌പ്പെടുത്തിയത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ കാഴ്ചവെച്ചത്.

ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യയുടെ അണ്ടര്‍ 20, അണ്ടര്‍ 16 ടീമുകള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ വിസ്മയിപ്പിക്കുന്ന വിജയങ്ങള്‍ നേടിയിരുന്നു. വാഫ് ടൂര്‍ണമെന്റില്‍ കരുത്തരായ ഇറാഖിനെയും യെമനെയും ഇന്ത്യ തകര്‍ത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കാമറൂണിനെയും ഇന്ത്യ തളച്ചത്.

കളി തുടങ്ങി മുപ്പതാം സെക്കന്റില്‍ തന്നെ ഇന്ത്യ ആദ്യ ഗോള്‍ നേടിയിരുന്നു. നായകന്‍ വിക്രം സിംഗിന്റെ ക്രോസില്‍ നിന്നും റിഡ്‌ജേ മെല്‍വിനാണ് ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയത്. ശേഷം ഇരുപതാം മിനിറ്റില്‍ ഗിവ്‌സണിന്റെ അസിസ്റ്റില്‍ രോഹിത് ദാനു ഇന്ത്യയ്ക്ക് വേണ്ടി രണ്ടാമത്തെ ഗോളും നേടി. തുര്‍ക്കിഷ് വമ്പന്മാരായ ബെസിക്റ്റസിന്റെ യൂത്ത് ടീമുമായാണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ അടുത്ത കളി.

Top