ഫെയ്‌സ്ബുക്കിന്റെ ‘ശുദ്ധിയാക്കലില്‍’ കൂടുതല്‍ ‘പണി’ കിട്ടിയത് ബി.ജെ.പിക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേ ഫെയ്‌സ്ബുക്ക് നടത്തിയ ശുദ്ധീകരണ പ്രക്രിയയില്‍ കൂടുതല്‍ ക്ഷതമേറ്റത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ള 687 പേജുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബിജെപിയുടെ അക്കൗണ്ടുകളും നീക്കം ചെയ്തു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.

ബിജെപി അനുകൂല വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 15 പേജുകളും നീക്കം ചെയ്തു എന്നാണ് വിവരം. ബിജെപിയുടേതിനേക്കാള്‍ കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ക്കാണ് പൂട്ട് വീണത് എങ്കിലും ഒഴിവാക്കപ്പെട്ട കോണ്‍ഗ്രസ് അനുകൂല പേജുകളെ രണ്ടു ലക്ഷം പേര്‍ മാത്രമാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ബിജെപിയെ അനുകൂലിച്ചിരുന്ന ഒരു പേജ്, 12 അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് 26 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. ഇതാണ് ഫെയ്ബുക്കിന്റെ നീക്കം ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറിയത്.

കോണ്‍ഗ്രസ് അനുകൂല പേജുകള്‍ 2014 മുതല്‍ ഏതാണ്ട് 27 ലക്ഷം രൂപ ഫെയ്‌സ്ബുക്ക് പരസ്യത്തിനായി ചെലവഴിച്ചപ്പോള്‍ ബിജെപി അനുകൂല പേജുകള്‍ 50 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്. ഇതും ബിജെപിയുടെ നഷ്ടത്തിന് ആക്കം കൂട്ടും. ഒരു ഐടി കമ്പനി അംഗീകാരമുള്ളതും വ്യാജവുമായ അക്കൗണ്ടുകള്‍ വഴി പ്രാദേശിക വാര്‍ത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തി.

അതേസമയം ഈ ഐടി കമ്പനിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. എന്നാല്‍ ഗുജറാത്തിലെ 17 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ഐടി കമ്പനിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 46 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതും വിദേശകാര്യ മന്ത്രാലയത്തിനും രാഷ്ട്രപതിക്കും ആപ്പുകള്‍ തയാറാക്കുന്നതും ഈ ഐടി കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top