ദേവികുളം താലൂക്കിലും വന്‍കിട കയ്യേറ്റങ്ങളില്‍ തൊടാതെ ദൗത്യ സംഘം

മൂന്നാര്‍: ദേവികുളം താലൂക്കിലും വന്‍കിട കയ്യേറ്റങ്ങളില്‍ തൊടാതെ ദൗത്യ സംഘം. മൂന്നാറില്‍ ദൗത്യ സംഘം ഒഴുപ്പിച്ചത് രണ്ടര സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള കയ്യേറ്റങ്ങളാണ്. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്ന കടമുറികളും ദൗത്യ സംഘം ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ദേവികുളം സെറ്റില്‍മെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തില്‍കുമാര്‍, അജിത എന്നിവര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ സംഘം ഒഴിപ്പിച്ചത്. എല്ലാവരും ദേവികുളം സ്വദേശികളാണ്. ബിജുനു മണിയുടെ വീട് ഉള്‍പ്പെടെയുള്ള 7 സെന്റും സെല്‍വരാജ്, അജിത എന്നിവരുടെ 2.5 സെന്റ് വീതവും ഭൂമിയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ ബോര്‍ഡ് സ്ഥാപിച്ചു.

ചിന്നക്കനാലിലെ കര്‍ഷക ഭൂമി ഒഴുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വന്‍കിടക്കാരിലേക്കും ദൗത്യ സംഘം നീങ്ങുമെന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയെങ്കിലും ആകെ ഒഴിപ്പിച്ച വന്‍കിട കയ്യേറ്റം ടിസന്‍ തച്ചങ്കിരിയുടെ ഏഴേക്കര്‍ മാത്രമാണ്.

മൂന്നാര്‍ ടൗണിലും മൂന്നാര്‍ വില്ലേജ് ഓഫീസിന് സമീപത്തുമുള്ള കയ്യേറ്റങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നടപടി ഉണ്ടായത്. മൂന്നാര്‍ ടൗണില്‍ നല്ലതണ്ണി ജങ്ഷനില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ച കട ഒഴിപ്പിച്ചു. പരേതനായ മൂന്നാര്‍ സ്വദേശി ലിംഗപാണ്ടിയുടെ ഉടമസ്ഥതയിലുള്ള കടയാണ് ഒഴിപ്പിച്ചത്. ഈ ഭാഗത്തുള്ള എട്ട് കടകള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. അതേ സമയം ചെറുകിട കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനെതിരേ സിപിഐഎം അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദൗത്യ സംഘത്തിന്റെ നടപടിക്കെതിരേ റിട്ട് ഹര്‍ജ്ജി നല്‍കുന്നതിനും കഴിഞ്ഞ ദിവസ്സം സിങ്ക്കണ്ടത്ത് ചേര്‍ന്ന ഭൂ സംരക്ഷണ സമതി യോഗം തീരുമാനമെടുത്തിരുന്നു.

 

Top