ലഡാക്ക് സംഘര്‍ഷം: പ്രകോപിപ്പിച്ചാല്‍ തിരിച്ചടി, സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം. ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

കര- വ്യോമ അതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ചൈനീസ് പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത ഉറപ്പാക്കാന്‍ യോഗത്തില്‍ ഉന്നത സൈനികരോട് നിര്‍ദ്ദേശിച്ചു.

ചീഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും മൂന്ന് സേന മേധാവികളും പ്രതിരോധ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാന്‍ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിക്രമിച്ചുകയറിയ പ്രദേശങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയുടെ മേല്‍ ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം.

ഗാല്‍വാന്‍ വാലി പ്രദേശത്തുണ്ടായ ആക്രമണത്തില്‍ ചൈനയുടെ പിഎല്‍എ 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത്. ഗല്‍വാന്‍ താഴ്‌വരയില്‍ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികരെ പിഎല്‍എ ആക്രമിച്ചതെന്നാണു സൂചന.

Top