പൗരത്വ ബില്ലില്‍ പ്രതിഷേധത്തിനില്ല; പ്രതികരിക്കാനാവാതെ ശിവസേന ബുദ്ധിമുട്ടും

ഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതിലും ബുദ്ധിമുട്ടാണ് പറഞ്ഞുപോയ കാര്യങ്ങള്‍ വിഴുങ്ങാനുള്ള ശിവസേന അനുഭവിക്കുന്ന പെടാപ്പാട്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വിട്ടുനിന്ന ശിവസേന പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പോകുമ്പോഴും കൂടെപ്പോകുന്നില്ല. ലോക്‌സഭയില്‍ ബില്ലിനെ തുണച്ച ശിവസേന രാജ്യസഭയില്‍ എത്തിയപ്പോള്‍ വിട്ടുനിന്നതിന് സമാനമായ തന്ത്രം മാത്രമാണ് ഇത്.

പൗരത്വ നിയമത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം രാഷ്ട്രപതിയെ കാണുന്നത്. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് അറിവില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റൗത്ത് പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ശിവസേന.

നിയമത്തിന് എതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ ആറ് പാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി. എന്നാല്‍ ശിവസേന ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമല്ല. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യത്തില്‍ ഇല്ല. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മത ന്യൂനപക്ഷകളില്‍ പെട്ടവര്‍ക്കാണ് പൗരത്വ നിയമം ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പും ബിജെപി പൗരത്വ ബില്‍ അവതരിപ്പിച്ചപ്പോള്‍ ശിവസേന ഈ നീക്കത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഇക്കുറി ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോഴും സേന പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശിവസേന രാജ്യസഭയില്‍ വോട്ട് ചെയ്യാതെ വിട്ടുനിന്നത്. ഹിന്ദുത്വ വോട്ടുകളുടെ സഹായത്തില്‍ വിജയിച്ച ശിവസേനയ്ക്ക് ഈ നിലപാട് പൂര്‍ണ്ണമായി ഒഴിവാക്കാനും സാധിക്കാത്ത അവസ്ഥയാണ്.

Top