കശ്മീര്‍ വിഷയം; ഇസ്ലാമിക രാജ്യങ്ങളുടെ യോഗം പാക്കിസ്ഥാനില്‍

ന്യൂഡല്‍ഹി:ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള ഇസ്ലാമിക രാജ്യങ്ങളുടെ യോഗം പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കും. 57 അംഗ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് കോപറേഷന്റെ യോഗമാണ് ഇസ്ലാമാബാദില്‍ വെച്ച് നടക്കുന്നത്. നേരത്തെ സൗദി അറേബ്യയില്‍ യോഗം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് പാകിസ്ഥാന്‍ സൗദിയോട് കര്‍ശനമായി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക ഉച്ചക്കോടി വിളിച്ചു ചേര്‍ക്കാം എന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കിയത്.ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിലുണ്ടായ ഭിന്നത മുതലെടുത്ത് പാകിസ്ഥാന്‍ നടത്തിയ കരുനീക്കമാണ് കശ്മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടാന്‍ സൗദിയെ പ്രേരിപ്പിച്ചത്.

നേരത്തെയും ഇതേ ആവശ്യം പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഒഐസിയിലെ പ്രധാനികളായ സൗദിയും യുഎഇയും ഇന്ത്യന്‍ നിലപാടിനൊപ്പമായിരുന്നതിനാല്‍ തള്ളപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം സൗദി അറേബ്യയെ മറികടന്ന് മലേഷ്യ ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യേക ഉച്ചകോടി വിളിച്ചിരുന്നു. എന്നാല്‍ സൗദിയടക്കം പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. ഇസ്ലാമിക രാജ്യങ്ങളിലെ പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ച യോഗം, ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുമായി ബന്ധമില്ലാത്തതാണെന്ന നിലപാടാണ് സൗദി അറേബ്യ സ്വീകരിച്ചത്.

ഇന്തോനേഷ്യ പാകിസ്ഥാന്‍ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുത്തില്ല. സൗദി അറേബ്യയുടെ സമ്മര്‍ദ്ദം മൂലമാണ് ഇരുരാഷ്ട്രങ്ങളും ഉച്ചക്കോടിയില്‍ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.

മലേഷ്യയെ കൂടാതെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഇവയെല്ലാം തന്നെ സൗദിയുമായി ഇടഞ്ഞു നില്‍ക്കുന്ന രാജ്യങ്ങളാണ്.

Top