മധ്യതിരുവതാംകൂറിൽ, യു.ഡി.എഫിന് വൻ ഭീഷണിയാകുക മന്ത്രി റോഷി !!

യു.ഡി.എഫിൻ്റെ പ്രത്യേകിച്ച് ജോസഫ് വിഭാഗത്തിൻ്റെ ഉറക്കം കെടുത്തുന്നതിപ്പോൾ മൂന്നാം നമ്പർ കാറാണ്. ഈ വാഹനം മധ്യതിരുവതാം കൂറിലെ ജോസഫ് വിഭാഗത്തിൻ്റെ അവശേഷിക്കുന്ന അടിത്തറയും തകർക്കുമോയെന്നാണ് നേതൃത്വം ഭയക്കുന്നത്. റോഷി അഗസ്റ്റ്യന് മൂന്നാം നമ്പർ കാർ നൽകുക വഴി കേരള കോൺഗ്രസ്സിനെ മന്ത്രിസഭയിലും മൂന്നാം കക്ഷിയായി തന്നെയാണ് സി.പി.എം പരിഗണിച്ചിരിക്കുന്നത്. ജലസേചനം, ഭൂഗർഭ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്മെന്റ് തുടങ്ങിയ വകുപ്പുകളാണ് റോഷിക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ സർക്കാർ ചീഫ് പദവിയും കേരള കോൺഗ്രസ്സിനു തന്നെയാണ് ലഭിച്ചിരിക്കുന്നത്.

ഇനി സർക്കാറിൻ്റെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും നടക്കാൻ പോകുന്ന വിഭജനങ്ങളിലും കേരള കോൺഗ്രസ്സിന് കാര്യമായ പരിഗണന തന്നെയാണ് ലഭിക്കാൻ പോകുന്നത്.റോഷിയുടെ മൂന്നാം നമ്പർ കാർ മധ്യ തിരുവതാംകൂറിലെ യു.ഡി.എഫ് നേതൃത്വത്തിൻ്റെ ഉറക്കമാണ് കെടുത്താൻ പോകുന്നത്. ഒരു തിരിച്ചുവരവ് എന്ന് സാധ്യമാകുമെന്ന് ആശങ്കപ്പെടുന്ന ജോസഫ് വിഭാഗത്തിലെ നല്ലൊരു വിഭാഗം നേതാക്കളും ഇപ്പോൾ ജോസ് കെ മാണിക്കൊപ്പം നിൽക്കാനാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ ജോസഫ് വിഭാഗം നേതാക്കളെ അകറ്റി നിർത്തി അണികളെ അടർത്തി എടുക്കാനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്. റോഷി അഗസ്റ്റ്യൻ്റെ മന്ത്രിപദം ഈ നീക്കങ്ങൾക്കും വേഗത പകരും. പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും ഏറെ ആശങ്കപ്പെടുത്തുന്ന നീക്കങ്ങളാണിത്.

അധികാരമില്ലാതെ പിടിച്ചു നിൽക്കുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതി ആരോപണങ്ങളും ഉൾപ്പെടെ സകല ആരോപണങ്ങളും കത്തി നിൽക്കെ തന്നെയാണ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിൻ്റെ ഭാഗമായിരുന്നത്. അന്ന് ഈ നീക്കത്തെ ‘ആത്മഹത്യാപരം’ എന്നു വിശേഷിപ്പിച്ചവരാണ് യഥാർത്ഥത്തിൽ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നത്. ജോസ്.കെ മാണിയുടെ ആ പ്രവേശന സമയത്തിനാണ് സിപിഎമ്മും ഏറെ വിലകല്‍പിച്ചിരിക്കുന്നത്.

മറ്റു കേരള കോണ്‍ഗ്രസുകളെയെല്ലാം അപ്രസക്തമാക്കിയാണ് തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം നേട്ടമുണ്ടാക്കിയിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസിന്റെ ശക്തി തെളിയിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. പി.ജെ.ജോസഫ് കൂടിയുള്ളപ്പോള്‍ യു.ഡി.എഫ് നൽകിയിരുന്നത് 15 സീറ്റുകളായിരുന്നു. ഇതിൽ, 11 സീറ്റുകളാണ് കെ.എം.മാണിയുടെ വിഭാഗത്തിനു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇടതുമുന്നണിയിലെത്തിയപ്പോൾ ഈ കണക്കിലും കൂടുതലാണ് ജോസ് വിഭാഗത്തിനു കിട്ടിയിരിക്കുന്നത്. പ്രതിഷേധ കൊടി ഉയർന്ന കുറ്റ്യാടിയിൽ മത്സരിക്കേണ്ട എന്നു തീരുമാനിച്ചതും കേരള കോൺഗ്രസ്സാണ്. അവർ നിരുപാധികമാണ് ആ സീറ്റ്, സി.പി.എമ്മിന് വിട്ടു കൊടുത്തിരുന്നത്. ഇതും സി.പി.എം നേതൃത്വത്തിന് മതിപ്പുണ്ടാക്കിയ സംഭവമാണ്.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ഇടതുപക്ഷത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2.5 ശതമാനത്തോളം വോട്ടുകളാണ് യുഡിഎഫിന് അടിത്തറയുള്ള മധ്യകേരളത്തില്‍നിന്നും ഇടതുമുന്നണിയിലേക്ക് എത്തിയിരിക്കുന്നത്. യു.ഡി.എഫിൻ്റെ പരമ്പരാഗത വോട്ട് ബാങ്കായ കത്തോലിക്കാ വിഭാഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കാനും കേരള കോൺഗ്രസ്സിൻ്റെ സാന്നിധ്യം വലിയ ഗുണം ചെയ്തിട്ടുണ്ട്. മത്സരിച്ച 12 സീറ്റുകളിൽ 5ല്‍ ജയിച്ചപ്പോൾ ചില സീറ്റുകൾ അവർക്ക് നഷ്ടമായത് നിസാര വോട്ടുകൾക്ക് മാത്രമാണ്. പാലായിലെ തോൽവിയാണ് ഇതിൽ പ്രധാനം.

അതേസമയം ബിജെപിയുടെ വോട്ടുകൾ പതിനയ്യായിരമാണ് ഇവിടെ മറിഞ്ഞിരിക്കുന്നത്. ഇത് കാപ്പൻ്റെ പെട്ടിയിലാണ് വീണതെന്നാണ് ജോസ്.കെ മാണി തന്നെ ചൂണ്ടിക്കാട്ടുന്നത്. പിണറായി വിജയന് ഒപ്പം നിന്നതുകൊണ്ടാണ് ബിജെപി ജോസിനെ തോല്‍പിക്കാന്‍ തീരുമാനമെടുത്തതെന്ന ആരോപണവും ശക്തമാണ്. തന്റെ തോല്‍വി പാലായുടെ നഷ്ടമാണെന്നത് കാലം തെളിയിക്കുമെന്നാണ് ജോസ്.കെ മാണി പറയുന്നത്. അത് ഇനി എന്തു തന്നെ ആയാലും ഒരു കാര്യം ഉറപ്പാണ്. ജയിച്ച ജോസ് കെ മാണിയേക്കാൾ തോറ്റ ജോസ് കെ മാണിയെയാണ് യു.ഡി.എഫ് നേതാക്കൾ ശരിക്കും ഭയപ്പെടേണ്ടത്.

യു.ഡി.എഫിനൊപ്പമുള്ള സകല കേരള കോൺഗ്രസ്സുകളെയും പിളർത്തി അണികളെ ഒപ്പം കൂട്ടാനാണ് ജോസ് കെ മാണി നിലവിൽ ശ്രമിക്കുന്നത്. മധ്യ തിരുവതാംകൂറിലെ അസംതൃപ്തരായ കോൺഗ്രസ്സ് പ്രവർത്തകരെയും ജോസ് വിഭാഗം ലക്ഷ്യമിടുന്നുണ്ട്. പിണറായി സർക്കാറിലെ കരുത്തുള്ള ഘടകകക്ഷിയായതിനാൽ ഈ നീക്കങ്ങളെ ചെറുക്കാൻ ജോസഫിനു മാത്രമല്ല സാക്ഷാൽ  ഉമ്മൻചാണ്ടിക്കു പോലും കഴിഞ്ഞെന്നു വരികയില്ല. ‘അനിവാര്യമായ പ്രതിസന്ധി’ തന്നെയാണിത്. ജനപിന്തുണയില്ലാത്ത ജോസഫിനു വേണ്ടി ജോസ് വിഭാഗത്തെ പുറത്താക്കിയതാണ് യു.ഡി.എഫിന് പിഴച്ചിരിക്കുന്നത്. ഈ യാഥാർത്ഥ്യം നേതാക്കൾ അംഗീകരിച്ചാലും ഇല്ലങ്കിലും യു.ഡി.എഫ് അണികൾ എന്തായാലും ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

Top