വന്യജീവികളുമായി സംഘർഷമുണ്ടായാൽ നഷ്ടപരിഹാരം 24 മണിക്കൂറിനകം സംസ്ഥാനം ലഭ്യമാക്കണമെന്ന് കേന്ദ്രവനം മന്ത്രി

ദില്ലി: വന മേഖലയിൽ ജീവിക്കുന്ന മനുഷ്യർക്ക് വന്യജീവികൾ എന്നും ഭീഷണിയാണ്. പലപ്പോഴും സംഘർഷങ്ങൾ കാരണം ആളപായം വരെ സംഭവിക്കാറുണ്ട്‌. ഇത്തരത്തിൽ മനുഷ്യ വന്യജീവി സംഘർഷമുണ്ടായാൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം സംസ്ഥാനം ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫന്‍റ് എന്നി പദ്ധതികൾക്കായ് അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

മരണപ്പെട്ടവരുടെയോ സ്ഥിരമായി അംഗഭംഗം സംഭവിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകണം. ദാരുണമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാരപരിക്കുകൾക്ക് ഇരുപത്തയ്യായിരം രൂപ വരെയുള്ള ചികിത്സാധനസഹായവും നല്കണമെന്നും മന്ത്രി നിർദേശിച്ചു.

അപായം സംഭവിച്ചവർക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറിനകം നഷ്ടപരിഹാരം നല്കും. വന്യജീവി ആക്രമണങ്ങളിൽ വിളനാശം സംഭവിച്ച കർഷകർക്ക് പ്രധാനമന്ത്രി ഫസൽ ബീമാ യോജന മുഖേനയുള്ള അനുബന്ധ ധനസഹായം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.

Top