ക്രമസമാധാന നില തകര്‍ന്ന ബീഹാറില്‍, ഐ.പി.എസുകാരനും ഒരു രക്ഷയുമില്ല !

24 മണിക്കൂറില്‍ 27 കൊലപാതകങ്ങള്‍, ഞെട്ടിക്കുന്ന സംഭവ പരമ്പരയാണ് ബീഹാറില്‍ ഇപ്പോള്‍ നടക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ബോംബേറ് നടന്നിരിക്കുന്നത്. സംസ്ഥാന പൊലീസിനെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണിത്. ജയിലിന് മുന്നിലെ വെടിവയ്പും ആകെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ശേഷം ബിഹാറിലെ ക്രമസമാധാന നില തകര്‍ന്ന സാഹചര്യമാണ് നിലവിലുള്ളത്. ബിഹാറില്‍ ഗുണ്ടാ വിളയാട്ടമാണെന്നും സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നും ആഞ്ഞടിച്ച് ഇടതുപാര്‍ട്ടികളും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

ഗുണ്ടാ രാജിനെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കാനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.പി.എം എം.എല്‍.എ ആയിരുന്ന അജിത് സര്‍ക്കാറിനെ വെടിവെച്ച് കൊന്നതും ഗുണ്ടാസംഘമാണ്. 1998 ജൂണ്‍ 14നായിരുന്നു ഈ സംഭവം. ജനകീയനായ എം.എല്‍.എ എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ അജിത് സര്‍ക്കാര്‍ 1995ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് ക്രിമിനല്‍ പശ്ചാത്തലമുള്ള പപ്പു യാദവിനെയായിരുന്നു. തുടര്‍ന്നാണ് അജിത് സര്‍ക്കാറിനെ സുഭാഷ് നഗറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ക്രിമിനലുകള്‍ വെടിവെച്ചു കൊന്നിരുന്നത്. 107 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. പഴയ ആ ഗുണ്ടാരാജിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകാന്‍ ഒരിക്കലും അനുവദിക്കില്ലന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പരാമര്‍ശിച്ച ജംഗിള്‍രാജ് ഇതാണോയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗു ചെയ്ത് കൊണ്ട് ട്വീറ്റില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചോദിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം അരുണ്‍ മിശ്ര പ്രതികരിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്ന ആക്രമണത്തില്‍ ഭഗവന്‍പുരില്‍ സ്ത്രീയും നാല് കുട്ടികളുമാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. സിവാനില്‍ ഘോഷയാത്രയ്ക്കിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. ചപ്രയില്‍ രണ്ടു പേരെ അജ്ഞാതരാണ് വെടിവച്ചു കൊന്നിരിക്കുന്നത്. ഇതിനു പിന്നാലെ ചപ്ര ജയിലിന് മുന്നില്‍ വ്യാപക വെടിവയ്പാണുണ്ടായത്. നവാഡയില്‍ മുന്‍ പൊലീസ് ഇന്‍സ്പെക്ടറുടെ ഭാര്യയെയും രണ്ട് കുട്ടികളെയുമാണ് വെടിവെച്ചു കൊന്നിരിക്കുന്നത്. ഔറംഗബാദില്‍ രണ്ട് യുവാക്കളെയും വെട്ടിക്കൊന്നിട്ടുണ്ട്. ഇതിനു പുറമെ ഖഗാരിയയില്‍ രണ്ടുപേരും മധേപ്പുരയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

സംസ്ഥാന തലസ്ഥാനമായ പട്നയില്‍ ഡ്രൈവറും മത്സ്യക്കച്ചവടക്കാരനും വെടിയുണ്ടയേറ്റാണ് പിടഞ്ഞ് വീണിരിക്കുന്നത്. ഇങ്ങനെ കൊടിയ ആക്രമണങ്ങള്‍ ബീഹാറില്‍ പടരുകയാണ്. ക്രമസമാധാന നില തകര്‍ന്നത് ചോദ്യം ചെയ്യാന്‍ ഇവിടെ ഒരു ഗവര്‍ണറുമില്ല കേന്ദ്ര സര്‍ക്കാറുമില്ല. കാരണം ബീഹാര്‍ ഭരിക്കുന്നത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയാണ്. നിതീഷ് കുമാര്‍ സര്‍ക്കാറിന് കോട്ടം തട്ടുന്നതൊന്നും ഇവരാരും ചെയ്യുകയില്ല. എന്നാല്‍ എം.എല്‍.എമാരുടെ സ്ഥിതി അതല്ല. ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ പോലും ഇപ്പോഴത്തെ ആക്രമണ സംഭവങ്ങളില്‍ കടുത്ത പ്രതിഷേധത്തിലാണ്. ശക്തമായ നടപടി വേണമെന്നാണ് ജെ.ഡി.യു നേതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്.

ആടി നില്‍ക്കുന്ന എം.എല്‍.എമാര്‍ ഭരണപക്ഷത്തും ഉള്ളതിനാല്‍ സര്‍ക്കാറും ഗൗരവമായാണ് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നത്. തലനാരിഴക്കാണ് ബീഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് ഭരണം നഷ്ടപ്പെട്ടിരിക്കുന്നത്. ആര്‍.ജെ.ഡിയും ഇടതുപാര്‍ട്ടികളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കോണ്‍ഗ്രസ്സാണ് വലിയ പരാജയമായി മാറിയിരുന്നത്. മത്സരിച്ച ബഹുഭൂരിപക്ഷം സീറ്റുകളിലുമാണ് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടിരിക്കുന്നത്. ഇതാണ് എന്‍.ഡി.എക്ക് സര്‍ക്കാര്‍ രൂപീകരണവും എളുപ്പമാക്കിയിരുന്നത്. സ്വതന്ത്രന്‍ ഉള്‍പ്പെടെ 126 പേരുടെ പിന്തുണ മാത്രമാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തെക്കാള്‍ നാലു സീറ്റുകളാണ് അധികം.

എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് 74 സീറ്റാണ് ലഭിച്ചത്. ജെ.ഡി.യു ആകട്ടെ 43 സീറ്റിലൊതുങ്ങുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത് നിലവില്‍ വ്യാപക അക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ തലവേദനയായിട്ടുണ്ട്. പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരുള്ള സംസ്ഥാനത്താണ് ഈ സ്ഥിതിയെന്നതും നാം ഓര്‍ക്കണം.

Top