ബിഹാറില്‍ ഭാര്യയെ കാമുകനു വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്

പട്‌ന: ബിഹാറിലെ നവാഡയില്‍ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവര്‍ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിഞ്ഞ ഭര്‍ത്താവ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍വച്ച് അവരുടെ വിവാഹം നടത്തുകയായിരുന്നു.

ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ കാമുകന്‍ യുവതിക്ക് താലി ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാമുകന്‍ സിന്ദൂരം ചാര്‍ത്തുന്നതും യുവതി കരയുന്നതും വിഡിയോയില്‍ കാണാം. ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് രാത്രി കാമുകനെ കാണുന്നതിനായി യുവതി അയാളുടെ വീട്ടില്‍ പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പോയപ്പോള്‍ വീട്ടുകാര്‍ ഇവരെ കയ്യോടെ പിടിച്ചു.

ഇരുവരോടും ഗ്രാമം വിട്ടു പോകാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞെത്തിയ ഭര്‍ത്താവ് ഇരുവരെയും കൂട്ടിക്കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. യുവതിയുടെ കാമുകനും വിവാഹിതനാണ്, ഇയാള്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും തനിക്ക് പരാതിയില്ലെന്നാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ് പറഞ്ഞു.

Top