ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറ

പട്‌ന: ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് ബീഹാര്‍ സര്‍ക്കാര്‍. 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുന്നവര്‍ക്കും വീടുകളില്‍ ക്വീറന്റീനില്‍ കഴിഞ്ഞവര്‍ക്കുമാണ് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.

’14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കുടിയേറ്റ തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. അനാവശ്യ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ , ഞങ്ങള്‍ അവരെ ഉപദേശിക്കുകയും ഗര്‍ഭധാരണം ഒഴിവാക്കാന്‍ കോണ്ടം പോലുള്ള ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.’- ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു

ഇത് കേവലം ഒരു കുടുംബാസൂത്രണ നടപടിയാണെന്നും കോവിഡുമായി ബന്ധവുമില്ലെന്നും കുടുംബാസൂത്രണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ‘ഒരു ആരോഗ്യ വിദഗ്ദ്ധനെന്ന നിലയില്‍ , ജനസംഖ്യ നിയന്ത്രിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മുന്‍കൈ നടപ്പാക്കാന്‍ കെയര്‍ ഇന്ത്യയുടെ പിന്തുണ ഞങ്ങള്‍ തേടുന്നു.’ – അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്ത് അനാവശ്യ ഗര്‍ഭധാരണം വര്‍ധിക്കുമെന്നും ഈ പശ്ചാത്തലത്തിലാണ് ഈ സംരംഭം ആരംഭിച്ചതെന്നും ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുവരെ ഈ സംരംഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top