രോഗികള്‍ വര്‍ധിക്കുന്നു; ‘കൊറോണ ദേവി’ക്ക് പൂജയര്‍പ്പിച്ച് ഒരു സംഘം സ്ത്രീകള്‍

ഗുവാഹത്തി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ രക്ഷ തേടി ‘കൊറോണ ദേവി’ക്ക് പൂജയര്‍പ്പിച്ച് ഒരു സംഘം സ്ത്രീകള്‍. അസമില്‍ ബിശ്വനാഥ് ചരിയാലിലെ നദീതീരത്താണ് നിരവധി സ്ത്രീകള്‍ സംഘം ചേര്‍ന്ന് പ്രത്യേക പൂജ നടത്തിയത്. കൊറോണ ദേവിയെ പൂജ ചെയ്താല്‍ കാറ്റ് വന്ന് രോഗത്തെ നാടു നീക്കുമെന്ന് പൂജ നടത്തിയ സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിശ്വനാഥ് ചരിയാലിയിന് പുറമെ ദാരംഗ് ജില്ലയിലും, ഗുവാഹത്തിയിലുമുള്‍പ്പടെ പൂജ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അസമിലെ കോവിഡ് ബാധിതരുടെ എണ്ണം 2,324 ആണ്. കോവിഡിനെ തടയാന്‍ കൊറോണ ദേവിയെ പൂജിക്കുക മാത്രമാണ് വഴിയെന്ന നിലയില്‍ പ്രചരണം ശക്തമാണ്.

അസമിനെ കൂടാതെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പൂജ നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Top