പൗരത്വ നിയമത്തെ ഇഴകീറി പരിശോധിക്കാന്‍ സുപ്രീംകോടതി; അഭിഭാഷകരുടെ വാദങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തില്‍ ഇനി പരമോന്നത കോടതിയുടെ ഇഴകീറിയുള്ള പരിശോധനകളുടെ ദിവസമാണ് വരുന്നത്. കേന്ദ്രത്തിന്റെ നിലപാട് ഈ വിഷയത്തില്‍ കേട്ട ശേഷമാകും ഈ വിഷയത്തില്‍ തുടര്‍നടപടികള്‍. ഭേദഗതി ചെയ്ത പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത 144 പരാതികളിലാണ് മൂന്നംഗ ബെഞ്ച് വിചാരണ കേള്‍ക്കുന്നത്.

പുതിയ പൗരത്വ നിയമത്തെ വെല്ലുവിളിച്ചും, അനുകൂലിച്ചുമുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേട്ടു. ഭൂരിപക്ഷം പരാതികളും സിഎഎയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തപ്പോള്‍ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് പ്രഖ്യാപിക്കാനും ഹര്‍ജികളുണ്ട്.

പൗരത്വ നിയമത്തില്‍ തിങ്ങിനിറഞ്ഞ മുറിയിലാണ് ഹിയറിംഗ് നടന്നത്. ഫയല്‍ ചെയ്ത 140ഓളം ഹര്‍ജികളില്‍ 60 എണ്ണം മാത്രമാണ് യൂണിയന് നല്‍കിയിട്ടുള്ളതെന്ന് അറ്റോണി ജനറല്‍ വേണുഗോപാല്‍ പറഞ്ഞു. വിഷയം ഭരണഘടനാ ബെഞ്ച് കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പൗരത്വം അനുവദിക്കുന്ന നടപടി കേസ് കോടതി പരിഗണിക്കുന്ന രണ്ട്, മൂന്ന് മാസം നീട്ടിവെയ്ക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു.

ആക്ടിന് കീഴിലുള്ള നടപടിക്രമങ്ങള്‍ നീട്ടിവെയ്ക്കണമെന്ന് സിബല്‍ പറഞ്ഞെങ്കിലും ഇത് സിഎഎ സ്റ്റേ ചെയ്യുന്നതിന് തുല്യമാകുമെന്ന് അറ്റോണി ജനറല്‍ വാദിച്ചു.

‘എന്‍പിആറിന് ഏതെങ്കിലും വ്യക്തി സംശയത്തിന്റെ നിഴലില്‍ വന്നാല്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്, ഇതാണ് ആശങ്കയ്ക്ക് കാരണം. ഇത് ന്യൂനപക്ഷത്തിന്റെ മാത്രമല്ല ഭൂരിപക്ഷത്തിന്റെയും ആശങ്കയാണ്’, സീനിയര്‍ അഡ്വക്കേറ്റ് കെവി വിശ്വനാഥന്‍ പറഞ്ഞു.

യുപിയിലെ 19 ജില്ലകളിലുള്ള ആളുകളാണ് സംശയത്തിന്റെ നിഴലിലായതെന്ന് നിയമത്തെ എതിര്‍ത്തുള്ള ഹര്‍ജികള്‍ക്കായി വാദിക്കവെ സീനിയര്‍ അഡ്വക്കേറ്റ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ‘നടപടികള്‍ 70 വര്‍ഷം കാത്തിരുന്നെങ്കില്‍ 2 മാസം കൂടി കാത്തിരിക്കാന്‍ പറ്റില്ലേ’, സിംഗ്‌വി ചോദിച്ചു.

ആസാമിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് ഇവിടുത്തെ ഹര്‍ജികള്‍ പ്രത്യേകം കേള്‍ക്കാനാണ് സാധ്യത. ഇതിന്റെ പട്ടിക കപില്‍ സിബല്‍ ഹാജരാക്കും. എല്ലാ വാദങ്ങളും കേട്ട ചീഫ് ജസ്റ്റിസ് വിഷയം നാലാഴ്ചയ്ക്കുള്ളില്‍ ലിസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി.

Top