രാജി വെക്കില്ല, അവിശ്വാസപ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: താന്‍ രാജി വെക്കില്ലെന്നും അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന നാഷണല്‍ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

ചിലയാളുകള്‍ എന്നോടു പറഞ്ഞു, രാജിവെക്കാന്‍. ഞാന്‍ എന്തിന് രാജിവെക്കണം? 20 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ് ഞാന്‍. എല്ലാവര്‍ക്കും അറിയാം അവസാനപന്തുവരെ ഞാന്‍ പോരാടുമെന്ന്. ജീവിതത്തില്‍ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. താന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ താന്‍ തിരികെവരും, ഇമ്രാന്‍ പറഞ്ഞു.

പാകിസ്താന്‍ അതിന്റെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു. ഈശ്വരന്‍ എല്ലാം തന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഭാഗ്യവാനാണ്, കാരണം പ്രശസ്തി, സമ്പത്ത് അങ്ങനെ എല്ലാം എനിക്ക് ദൈവം തന്നു. ഇന്ന് എനിക്കൊന്നും വേണ്ട, ദൈവം എനിക്ക് എല്ലാം തന്നു. അതിന് ദൈവത്തോട് നന്ദിയുള്ളവനാണ് ഞാന്‍. എന്നേക്കാള്‍ വെറും അഞ്ചുവയസ്സുമാത്രം മുതിര്‍ന്നതാണ് പാകിസ്താന്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച ആദ്യതലമുറയില്‍പ്പെട്ടയാളാണ് താനെന്നും ഇമ്രാന്‍ പറഞ്ഞു.

പാകിസ്താന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ടയാളാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”പാകിസ്താന്‍ മോഡലി”നെ ആളുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇന്ന് എന്റെ രാജ്യം വിശ്വസിക്കാനാവാത്തവണ്ണം അപമാനിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് കാണാം- ഇമ്രാന്‍ പറഞ്ഞു.ഇന്ത്യയിലും അമേരിക്കയിലും തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആരോടും തനിക്ക് വെറുപ്പില്ല. അവരുടെ നയങ്ങളെ താന്‍ അപലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top