ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് ക്രൂരത; കാത്തിരിക്കൂ, ഇതിന് തിരിച്ചടി ഉറപ്പ്

ശ്രീനഗര്‍: പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൈനികനൊപ്പം ഒരു സിവിലിയനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായാണ് സിവിലിയന്മാരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലമിന്റെ(28) തലയില്ലാത്ത മൃതദേഹം ലഭിച്ചു. അല്‍ത്താഫ് ഹുസൈന്റെയും(23) മൃതദേഹം ലഭിച്ചു. ഇതോടെയാണ് പാക് നരാധമന്മാര്‍ കഴുത്തറുത്താണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്ന നിഗമനത്തില്‍ ഇന്ത്യ സേന എത്തിച്ചേര്‍ന്നത്. കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു. മുഹമ്മദ് അസ്‌ലമിന്റെ തലയില്ലാത്ത മൃതദേഹം പൊലീസിന് കൈമാറി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറി.

അതേസമയം സംഭവത്തില്‍ ഇന്ത്യന്‍ കരസേന മേധാവി എം.എം നരവന്‍ അപലപിച്ചു. പ്രൊഫഷണല്‍ സൈന്യത്തിന്റെ രീതിയല്ല പാകിസ്ഥാന്‍ പിന്തുടരുന്നതെന്നും ഇപ്പോഴത്തെ നടപടി കാടത്തമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മാത്രമല്ല പാകിസ്ഥാന്‍ കാത്തിരുന്നോളൂ ഉത്തരം പറയാന്‍ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.

പോര്‍ട്ടര്‍മാരായ മൂന്ന് പേര്‍ക്ക് പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഗുല്‍പൂര്‍ സെക്ടറിലെ കസാലിയന്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ സൈന്യത്തിന് ആയുധമടക്കമുള്ള സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.

Top