സത്യം തുറന്ന് പറഞ്ഞ സ്ഥിതിക്ക് ഭീകരര്‍ക്കെതിരെ നടപടിയെടുക്കാനും പാക്കിസ്ഥാന്‍ തയ്യാറാവണം: ഇന്ത്യ

ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് ഭീകരവാദികള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴുമുണ്ടെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ച സാഹചര്യത്തില്‍ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും വിട്ടുവീഴ്ച ഇല്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം.ഇതാണ് അതിനുള്ള സമയമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക സന്ദര്‍ശനത്തിനിടെ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് പാക്കിസ്ഥാനില്‍ 30,000 മുതല്‍ 40,000 വരെ ഭീകരര്‍ ഇപ്പോഴുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. അവര്‍ അഫ്ഗാനിസ്താനിലും കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. പരിശീലനം നേടിയ ഭീകരവാദികളാണ് പാക്കിസ്ഥാനിലുള്ളത്. എന്നാല്‍ അവരുടെ സാന്നിധ്യം സംബന്ധിച്ച സത്യസന്ധമായ വിവരങ്ങളൊന്നും പാക്കിസ്ഥാനിലെ മുന്‍ സര്‍ക്കാരുകള്‍ അമേരിക്കയെ അറിയിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ തുറന്നു സമ്മതിച്ചിരുന്നു. ഈ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തിയിട്ടുള്ളത്.

Top