ഇമ്രാന്‍ഖാന് തിരിച്ചടി, അവിശ്വാസത്തില്‍ വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന ലംഘനമെന്ന് സുപ്രീം കോടതി

കറാച്ചി: പാക്കിസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച പാക് പരമോന്നത കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി. പാക് ദേശീയ അസംബ്ലി പിരിച്ച് വിട്ട നടപടിയും കോടതി റദ്ദാക്കി. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇതോടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ച പത്ത് മണിക്ക് വിശ്വാസ വോട്ടെടുപ്പ് വീണ്ടും നടക്കും.

പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പ്രസിഡന്റിനോട് അസംബ്ലി പിരിച്ച് വിടാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധിയെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ച് ഐക്യകണ്‌ഠേനയാണ് വിധി പാസാക്കിയത്.

സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ 95 മത്തെ ആര്‍ട്ടിക്കിളിന്റെ ലംഘനമുണ്ടായെന്നാണ് ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ അറിയിച്ചത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യമെങ്കിലും ഇത് കോടതി നിരാകരിച്ചിരുന്നു. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയില്‍ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ വാദം. ഇത് സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയാണ്.

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ആവില്ലെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ക്വസിം സൂരിയുടെ നിലപാട്. അസംബ്ലിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിന് ശേഷമാണ് ഇമ്രാന്‍ ഖാന്‍ പ്രസിഡന്റിനെ കണ്ട് അസംബ്ലി പിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതും രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതും.

Top