ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടിവി സംവാദത്തിനു സജ്ജമാണെന്ന് ഇമ്രാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ പ്രസ്താവന.

‘നരേന്ദ്ര മോദിയുമായി ടിവിയില്‍ സംവാദം നടത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണു കരുതുന്നത്. ഇന്ത്യ ഇപ്പോള്‍ ശത്രുപക്ഷത്തായതിനാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ഇടപാടുകള്‍ വളരെ കുറവാണ്’- റഷ്യ ടുഡെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു. പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉടനടി പ്രതികരിക്കാന്‍ തയാറായില്ലെന്നു വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരതയെ പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഭീകരവാദവും ചര്‍ച്ചയും ഒരേസമയം സാധ്യമല്ലെന്നുമാണു പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ നപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പഠാന്‍കോട്ട് ഭീകരാക്രമണം, 2019ലെ പുല്‍വാമ ഭീകരാക്രമണം എന്നിവയിലെല്ലാം പ്രതിസ്ഥാനത്തു പാക്കിസ്ഥാനാണ്. ഭീകരവാദം ഇല്ലാതാക്കിയാലേ സംവാദത്തിനു സാധ്യതയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.

Top