പാകിസ്ഥാന്‍ സാമ്പത്തികമായി ഇന്ത്യയെക്കാള്‍ കേമമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ നടന്ന 2022ലെ അന്താരാഷ്ട്ര ചേംബര്‍ ഉച്ചകോടിയിലാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാന്‍ സാമ്പത്തികമായി മികച്ച നിലയിലാണെന്നാണ് ഇമ്രാന്‍ ഖാന്റെ അവകാശവാദം.

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും തന്റെ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെക്കാള്‍ പാകിസ്ഥാനില്‍ ഇന്ധന വില കുറവാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ധനകാര്യ ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

2019 ജൂലായില്‍ രാജ്യാന്തര നാണയനിധി (ഐ.എം.എഫ്)യുമായി നടത്തിയ കരാര്‍ പ്രകാരമുള്ള ആവശ്യങ്ങളുടെ ഭാഗമാണ് ബില്‍. ബില്‍ പാസാകുകയാണെങ്കില്‍ പാകിസ്ഥാന് ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായം ലഭിക്കും.

പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായകവും ധീരവുമായ പരിഷ്‌കാരങ്ങള്‍ ഉടന്‍ ആവശ്യമാണെന്നും ഐ.എം.എഫ് അറിയിച്ചിട്ടുണ്ട്.

അധികാരത്തിലേറിയാല്‍ ഉടന്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വികസന പാതയിലേക്ക് തിരികെ കൊണ്ട് വരുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരമേറ്റ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കടക്കെണിയില്‍ നിന്ന് കരകയറാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വായ്പയ്ക്കായി ഐ.എം.എഫിനെ സമീപിക്കാന്‍ തീരുമാനിക്കുന്നത്.

Top