ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കയ്ക്കൊപ്പം അണിചേര്‍ന്നത് മണ്ടത്തരം: ഇമ്രാന്‍ ഖാന്‍

ന്യുയോര്‍ക്ക് സിറ്റി: അമേരിക്കയ്‌ക്കൊപ്പം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് വലിയ മണ്ടത്തരമായിപ്പോയെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നടപ്പിലാക്കാന്‍ കഴിയാത്ത ഇത്തരമൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജനറല്‍ പര്‍വേസ് മുഷറഫിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇമ്രാന്‍ പറഞ്ഞു.

”1980-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. ലോകമെമ്പാടുനിന്നും ഐഎസ്‌ഐ പരിശീലനം സിദ്ധിച്ച ഭീകരരെ ജിഹാദിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. അക്കാലത്ത് ജിഹാദികളെ വീരന്മാരായാണു പരിഗണിച്ചത്. 1989-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെ അമേരിക്കയും പോയി. പിന്നെ ഈ ജിഹാദി ഗ്രൂപ്പുകള്‍ പാക്കിസ്ഥാന്റെ തലയിലായി.” – ഇമ്രാന്‍ പറഞ്ഞു.

9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം പാക്കിസ്ഥാന്‍ ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ യുഎസിനൊപ്പം കൈകോര്‍ത്തു. ഇപ്പോള്‍ പാക്കിസ്ഥാന്‍ ഒറ്റയ്ക്ക് ആ ഭീകരര്‍ക്കെതിരേ പോരാടേണ്ടി വരുന്നു. വിദേശ കടന്നുകയറ്റത്തിനെതിരേ പോരാടുന്നത് വിശുദ്ധയുദ്ധമാണെന്നാണ് അവരെ പഠിപ്പിച്ചത്. എന്നാല്‍ യുഎസ് അഫ്ഗാനിസ്ഥാനില്‍ എത്തിയപ്പോള്‍ അത് ഭീകരതയായി മാറിയെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇടപെടാന്‍ പാടില്ലായിരുന്നെന്നും നിഷ്പക്ഷത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

2001ല്‍ യുഎസ് സൈന്യം എത്തുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനുനേരെ പാക്കിസ്ഥാന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ യുഎസ് അഫ്ഗാനില്‍ സൈനിക നടപടി ആരംഭിച്ചപ്പോള്‍, താലാബാനെതിരായ നടപടികള്‍ക്കു പാക്കിസ്ഥാന്‍ പിന്തുണ നല്‍കി. ഇതിനെയാണ് ഇപ്പോള്‍ ഇമ്രാന്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Top