കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെ ഇന്ത്യയുമായി ചര്‍ച്ചയില്ല ;നിലപാട് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെ ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന് ആവര്‍ത്തിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളോട് ലോകം കാണിക്കുന്ന നിസ്സംഗതയില്‍ തനിക്ക് നിരാശയുണ്ടെന്നും ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വലിയ വിപണിയായതുകൊണ്ടാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീര്‍ വിഷയം അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

ഇതിനിടെ പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്നും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഹൂസ്റ്റണില്‍ വച്ച് നടക്കുന്ന ഹൗഡി മോദി പരിപാരിടിയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.

പാക്കിസ്ഥാനെ കൈകാര്യം ചെയ്യാന്‍ നരേന്ദ്ര മോദിക്ക് അറിയാമെന്നായിരുന്നു ഡോണള്‍ഡ് ട്രംപ് ഇതിനോട് പ്രതികരിച്ചിരുന്നത്. അദ്ദേഹം പാക്കിസ്ഥാനു ശക്തവും വ്യക്തവുമായ സന്ദേശം നല്‍കിക്കഴിഞ്ഞു, ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ മോദിയും ഇമ്രാന്‍ ഖാനും ഒരുമിച്ചു പ്രവര്‍ത്തിച്ചു പരിഹാര മാര്‍ഗം കണ്ടെത്തുമെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചിരുന്നത്.

Top