പാക്ക് ആണവകേന്ദ്രങ്ങള്‍ ഭീഷണിയില്‍, തരിപ്പണമാക്കാന്‍ ഇന്ത്യയ്ക്കും പദ്ധതികള്‍

പാക്കിസ്ഥാന്‍ ആണവ കേന്ദ്രം ഭീകരര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഇന്ത്യ. ഐ.എസ്.ഐയുടെയും സൈന്യത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയോടെ ഇത്തരം ഒരു നീക്കത്തിന് സാധ്യത ഉണ്ടെന്നാണ് നിഗമനം. മുന്‍പ് അമേരിക്ക പ്രകടിപ്പിച്ച ആശങ്ക തന്നെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭം പാക്കിസ്ഥാനെ പിടിച്ചുലച്ചിരിക്കുകയാണ. ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പ്രക്ഷോഭം ആളിക്കത്തുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം ഇന്ത്യ റദ്ദാക്കിയതും ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായി ഇടപെടാന്‍ പാക്ക് ഭരണകൂടത്തിന് കഴിഞ്ഞില്ലന്ന വിലയിരുത്തലാണ് പാക്ക് സൈന്യത്തിനുമുളളത്.

അറബ് രാഷ്ട്രങ്ങളെ പോലും കൂടെ നിര്‍ത്താന്‍ കഴിയാത്തതിലാണ് രോഷം മുഴുവന്‍. ഇതോടൊപ്പം പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും കൂടി വന്നതോടെ ശരിക്കും പെട്ടിരിക്കുകയാണിപ്പോള്‍ പാക്ക് ഭരണകൂടം.

സൈനിക നേതൃത്വത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇമ്രാന്‍ഖാനെ സൈന്യം തന്നെ കൈവിടുന്ന കാഴ്ചയാണ് നിലവിലുള്ളത്. എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് മുന്നില്‍ സാക്ഷാല്‍ ഇമ്രാന്‍ഖാന് പോലും വ്യക്തതയില്ലന്നതാണ് യാഥാര്‍ത്ഥ്യം.

china-pak

china-pak

വന്‍ മുതല്‍മുടക്കില്‍ ചൈന പാക്കിസ്ഥാനിലൂടെ നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തിലും വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതു സംബന്ധമായ പ്രതിഷേധം ചൈനയും പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിനെതിരായ ഈ വികാരം മുന്‍ നിര്‍ത്തി ഇടപെടാനാണ് ഭീകരര്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഭീകരര്‍ തന്നെയാണ്.

അനുകുല സാഹചര്യം ലഭിച്ചാല്‍ ഇന്ത്യയെ ടാര്‍ഗറ്റ് ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം.ഐ.എസ്.ഐയുടെ ചാരക്കണ്ണുകളും ഭീകരര്‍ക്ക് വേണ്ടിയാണിപ്പോള്‍ കണ്ണ് തുറന്നിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനത്തെ ഇന്ത്യ ആശ്രയിച്ചിരിക്കുന്നത്.

റഷ്യയുടെ കുന്തമുനയായ എസ് 400 ട്രയംഫ് നേരത്തെ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളാണ് ഇന്ത്യയിപ്പോള്‍ നടത്തി വരുന്നത്.ശത്രുവിന്റെ പോര്‍വിമാനങ്ങളെയും മിസൈലുകളെയും അവരുടെ പരിധിയില്‍ തന്നെ ഭസ്മമാക്കാനുള്ള സാങ്കേതിക വിദ്യയാണ് ട്രയംഫിലുള്ളത്. 42,000 കോടിയാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി മാത്രം ഇന്ത്യ ചിലവാക്കിയിരിക്കുന്നത്.

380 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെത്തുന്ന ശത്രു ബോംബറുകള്‍, ജെറ്റുകള്‍, ചാരവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ കൃത്യമായി കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം.

അഞ്ച് സ്‌ക്വാര്‍ഡന്‍ എസ് 400 ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി 2018 ഒക്ടോബറിലാണു ഇന്ത്യ കരാര്‍ ഒപ്പുവച്ചിരുന്നത്. 2020-ല്‍ തുടങ്ങി 2023-നുള്ളിലാണ് റഷ്യ ട്രയംഫ് ഇന്ത്യക്ക് കൈമാറുന്നത്. ഇത് നേരത്തെ ആക്കുന്നതിനാണ് ഇപ്പോഴത്തെ ഇടപെടല്‍. പ്രതിരോധമന്ത്രിയായ രാജ് നാഥ് സിംങാണ് ഇതുസംബന്ധമായ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.

ഇന്ത്യക്കകത്ത് നിന്നു തന്നെ പാക്കിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ ശേഷിയുള്ള റഫേല്‍ യുദ്ധവിമാനവും നിലവില്‍ ഇന്ത്യയുടെ ഭാഗമാണ്.ഫ്രഞ്ച് നിര്‍മ്മിതമായ ഈ ആക്രമണകാരിയാണ് ഇന്ന് ലോകത്തിലെ തന്നെ യുദ്ധവിമാനങ്ങളിലെ കേമന്‍. 59,000കോടിയാണ് റഫേലിനായി രാജ്യം മുടക്കിയിരിക്കുന്നത്. 2020 മെയ് മാസത്തോടെ പാക്ക്, ചൈന അതിര്‍ത്തികളിലാണ് റഫേലിനെ നിയോഗിക്കുക.

അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്ക് വേഗത നല്‍കുന്ന അറ്റാക്ക് ഹെലികോപ്ടറായ അപ്പാച്ചെയും ഇപ്പോള്‍ ഇന്ത്യന്‍ സേനയുടെ കരുത്താണ്.

അമേരിക്കന്‍ നിര്‍മ്മിതമായ ഈ ഹെലികോപ്ടറിന് ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി നിറയൊഴിക്കാനാകും. ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ അപ്പാച്ചെയെ തകര്‍ക്കുക എളുപ്പവുമല്ല.

ഇതിനു പുറമെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘കെ 4’ മിസൈലും ശത്രുവിന്റെ ചങ്കിടിപ്പിക്കുന്നതാണ്. മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലാണിത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈലിന് പാക്കിസ്ഥാനെ മാത്രമല്ല, ചൈനയെയും ലക്ഷ്യമിടാന്‍ കഴിയും.

ഇതോടെ കര, വ്യോമ, നാവിക മാര്‍ഗ്ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്താണ് ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത്. നിലവില്‍ ഈ ശേഷിയുള്ള രാജ്യങ്ങള്‍ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ്.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയാണ് കെ.4 വികസിപ്പിച്ചിരിക്കുന്നത്. രണ്ട് ടണ്‍ ആണവ പോര്‍മുന വഹിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.

കടലിനടിയില്‍ നിന്നും വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനും കെ4 ന് ശേഷിയുണ്ട്. ഇതിനു പുറമേ 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ- 5 നിലവില്‍ നിര്‍മ്മാണഘട്ടത്തിലുമാണ്.

അഗ്‌നി 3, അഗ്‌നി 2, അഗ്‌നി 1, പൃഥി 2 എന്നിവയാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കരമാര്‍ഗ്ഗം വിക്ഷേപിക്കാവുന്ന മറ്റുമിസൈലുകള്‍.

ആകാശമാര്‍ഗ്ഗമാകട്ടെ യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വര്‍ എന്നിവയും ആണവ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇന്ത്യ ഒരു അറ്റാക്ക് പൊസിഷനിലേക്കിപ്പോള്‍ മാറിയിരിക്കുന്നത്. ബാലക്കോട്ടെ ആക്രമണത്തിലൂടെ ഇന്ത്യ പാക്കിസ്ഥാന് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ സന്ദേശവും അതാണ്.

സംയമനത്തിന്റെ പാത ഇന്ത്യ ഉപേക്ഷിച്ചു കഴിഞ്ഞു എന്ന തിരിച്ചറിവിലാണ് ലോക രാഷ്ട്രങ്ങളും കാര്യങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.പാക്കിസ്ഥാനിലെ നിലവിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ആ ഭയത്തില്‍ നിന്നും ഉടലെടുത്തതാണ്.പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കും എന്ന ഭയം പാക്ക് ഭരണകൂടത്തിനും സൈന്യത്തിനും ശക്തമായുണ്ട്. നാള്‍ക്കു നാള്‍ ഇന്ത്യ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനെ അതു കൊണ്ടു തന്നെ ഭയത്തോടെയാണ് അവര്‍ ഉറ്റുനോക്കുന്നത്.

പാക്ക് ആണവ ശേഖരത്തിന് മേല്‍ ഭീകരരുടെ നിഴല്‍ പതിയുന്നതിന് മുന്‍പ് തന്നെ ഇന്ത്യ ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്.സ്വയംരക്ഷ മുന്‍ നിര്‍ത്തിയുള്ള ആക്രമണമായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ ചൈനക്ക് പോലും അത്തരമൊരു ഘട്ടത്തില്‍ ഇടപെടാന്‍ കഴിയുകയില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകളാണ് ധ്രുത ഗതിയില്‍ ഇന്ത്യയിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

Express View

Top