പണം സമ്പാദിക്കാൻ എന്ത് ‘തറ’ വേലയും, പാക്കിസ്ഥാന്റെ ഗതികേട് മറ്റാർക്കുമില്ല . .

ന്ദ്രയാനെ ആക്ഷേപിക്കുന്ന പാക്കിസ്ഥാന്‍, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലിഡാന്‍സ് നടത്തി ലോകത്തിന് മുന്നില്‍ നാണംകെടുന്നു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുമ്പോഴും തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ രക്ഷിച്ചെടുക്കുന്നതിന് ബെല്ലി ഡാന്‍സ് നടത്തേണ്ടിവരുന്ന കാഴ്ച്ച അതിദയനീയമാണ്.

നാസപോലും അഭിനന്ദിച്ച 95 ശതമാനം വിജയമായിരുന്ന, ചന്ദ്രയാന്‍ 2 ദൗത്യത്തെ ചന്ദ്രനിലേക്കുള്ള ഇന്ത്യന്‍ കളിപ്പാട്ടം മുംബൈയില്‍ വീണെന്നാണ് പാക്കിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എച്ച് ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നത്.

ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ സര്‍ഹദ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി , അസര്‍ബൈജാനില്‍ നടത്തിയ നിക്ഷേപ സംഗമത്തില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലി ഡാന്‍സ് നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ ഗുല്‍ബുഹാരിയാണ് 1.19 മിനിറ്റുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഇതോടെ ഈ രാജ്യം എങ്ങോട്ടാണെന്ന ചര്‍ച്ചയാണിപ്പോള്‍ പാക്കിസ്ഥാനില്‍ നടക്കുന്നത്. ഇതാണോ ഇമ്രാന്‍ഖാന്റെ പുതിയ പാക്കിസ്ഥാന്‍ എന്ന ചോദ്യവും പാക് മാധ്യമങ്ങളും പ്രതിപക്ഷവും ഉയര്‍ത്തിക്കഴിഞ്ഞു. സമ്പദ് വ്യവസ്ഥ തകര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍ പാക്കിസ്ഥാന്‍. പ്രതിരോധ ബജറ്റു പോലും വെട്ടിക്കുറക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിത്യചെലവിനുപോലും വഴികാണാത്ത അവസ്ഥയിലാണ് നിലവില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ഇമ്രാന്‍ പ്രധാനമന്ത്രിയായ ഉടന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍പന നടത്തിവരെ ഖജനാവിലേക്ക് പണം കണ്ടെത്തേണ്ടി വന്നിരുന്നു.

ചൈനക്കും യു.എ.ഇക്കും ലോകബാങ്കിനും മുന്നില്‍ വായ്പക്കായി കൈനീട്ടി നില്‍ക്കേണ്ട ഗതികേടിലാണിപ്പോള്‍ പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനായി യു.എ.ഇ 3 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 6 ബില്യണ്‍ ഡോളറിന്റെ സഹായമാണ് പാക്കിസ്ഥാന്‍ ലോകബാങ്കിങ്ങില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ബജറ്റ് കമ്മി കുറക്കുന്നതടക്കമുള്ള സാമ്പത്തിക പരിഷ്‌ക്കാര നിര്‍ദ്ദേശങ്ങളാണ് ലോകബാങ്ക് പാക്കിസ്ഥാനോടാവശ്യപ്പെട്ടിട്ടുള്ളത്. ദുര്‍ബലവും അസ്ഥിരവുമായ സാമ്പത്തിക സ്ഥിതിയാണ് പാക്കിസ്ഥാനിലേതെന്നാണ് ലോകബാങ്ക് വിലയിരുത്തിയിട്ടുള്ളത്. പാക്കിസ്ഥാനില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിന് ചൈനയും തയ്യാറായിട്ടുണ്ട്.

എന്നാല്‍ ഇത്തരം വായ്പകളും നിക്ഷേപങ്ങളുമൊന്നും പാക്കിസ്ഥാന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ രക്ഷിച്ചെടുക്കാന്‍ പര്യാപ്തമാകുന്നതല്ല. രാഷ്ട്രീയ, സൈനിക നേതൃത്വങ്ങളുടെ അഴിമതികളും കെടുകാര്യസ്ഥതയുമാണ് പാക്കിസ്ഥാനെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നത്. അഭ്യന്തര കലാപങ്ങളും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണിപ്പോള്‍ പാക് ജനത. പുല്‍വാമ ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിലച്ചത് പാക് ഗ്രാമങ്ങളിലെ കര്‍ഷകരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ബാലാകോട്ട് ഭീകരക്യാമ്പ് ആക്രമണവും കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞുള്ള ഇന്ത്യന്‍ തീരുമാനവും പാക്കിസ്ഥാനെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്.

കാശ്മീരില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുമ്പോഴും സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനുള്ള വഴികാണാതെ വലയുകയാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിരോധ ബജറ്റ് വെട്ടിക്കുറക്കുന്നതില്‍ സൈനിക നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. ഇമ്രാന്‍ഖാന് മുന്നെ ഒറ്റ പാക് പ്രധാനമന്ത്രിയും പ്രതിരോധ ബജറ്റ് കുറച്ചിരുന്നില്ല. പാക്കിസ്ഥാന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിരോധബജറ്റ് വെട്ടിക്കുറക്കാനുള്ള സാഹചര്യം ഒരുക്കിയതെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദരും വിലയിരുത്തുന്നത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭയും അമേരിക്കയും റഷ്യയുമടക്കം രംഗത്തുവന്നത് പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ രംഗത്തെത്തിയതും പാക്കിസ്ഥാന് വലിയ തിരിച്ചടിയായിട്ടുണ്ട്. പാക് ഭീഷണിയെ അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിക്കുന്നതും സാമ്പത്തിക തകര്‍ച്ചയുമാണ് പാക് സര്‍ക്കാരിനെ തളര്‍ത്തുന്നത്. ഇന്ത്യക്കുനേരെ യുദ്ധം ചെയ്യാന്‍പോയിട്ട് ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍പോലുമുള്ള അവസ്ഥയിലല്ല ഇപ്പോള്‍ പാക്കിസ്ഥാനെന്ന ദുരന്തപൂര്‍ണമായ ചിത്രമാണ് സാമ്പത്തിക തകര്‍ച്ച വ്യക്തമാക്കുന്നത്. മതനിന്ദക്ക് വധശിക്ഷ വിധിക്കുന്ന രാജ്യത്താണിപ്പോള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലി ഡാന്‍സ് നടത്തേണ്ടിവരുന്നതെന്നതെന്നതും ശ്രദ്ധേയമാണ്.

Staff Reporter

Top