ചൈനയുമായെന്ന പോലെ ഇന്ത്യയുമായും നല്ല ബന്ധത്തിന് ആഗ്രഹം; പക്ഷെ ഇപ്പൊ ‘കാലാവസ്ഥ മോശ’മെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനോ ചര്‍ച്ചകള്‍ക്കോ പറ്റിയ സമയമല്ല ഇതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റിയാദില്‍ നടന്ന പാക്കിസ്ഥാന്‍ സൗദി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ചൈനയുമായി മികച്ച ബന്ധമാണ് പാക്കിസ്ഥാനുള്ളത്. ഇന്ത്യയുമായും മികച്ച ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ക്ക് ആഗ്രഹമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ടി20 ലോകകപ്പില്‍ പാക് താരങ്ങള്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കോ, ബന്ധം മികവുറ്റതാക്കാനോ പറ്റിയ സമയമല്ല ഇതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ഉള്ള പ്രശ്നം ഒന്നാണെന്നും അത് കാശ്മീരാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നത്തിന് മികച്ച രീതിയില്‍ പരിഹാരം കാണണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജമ്മുകാശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലൂടെ ഇന്ത്യയ്ക്ക് മദ്ധ്യേഷ്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാമെന്നും ഇതോടെ വലിയ വിപണികള്‍ ഇന്ത്യയ്ക്ക് മുമ്ബില്‍ തുറക്കപ്പെടുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

 

Top