പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രിക്ക് സച്ചിനെ പേടി, ഗാംഗുലിയാവട്ടെ സുഹൃത്തും ! !

sachin-imrankhan-ganguli

ഇസ്ലാമാബാദ്: സൈന്യത്തിന്റെ ഇടപെടലോടെ ഭൂരിപക്ഷം ഉറപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാവാന്‍ ഒരുങ്ങുന്ന ഇമ്രാന്‍ ഖാന് ക്രിക്കറ്റ് ജീവിതത്തില്‍ പേടി സ്വപ്നം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. സച്ചിന്റെ ബാറ്റിങ്ങിന്റെ കരുത്തില്‍ പാക്ക് ക്രിക്കറ്റ് പട തകര്‍ന്നടിയുന്നത് ഞെട്ടലോടെ പല തവണ കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ മുന്‍ പാക്ക് ക്രിക്കറ്റ് ക്യാപ്റ്റന്.

ഇന്ത്യന്‍ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഇമ്രാന്‍ ഖാന്‍. സച്ചിന്‍ ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ എളുപ്പമാണെന്നാണ് ക്രിക്കറ്റിലെ തന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്ത്യയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ട് തല കുനിച്ച് പാക്കിസ്ഥാനിലെത്തിയ പാക്ക് ടീമിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോഴായിരുന്നു ഇമ്രാന്‍ ഖാന്റെ ഈ അഭിപ്രായ പ്രകടനം.

അതേസമയം സൗഹൃദത്തിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഒരു നായകനുണ്ടായിരുന്നു ഇമ്രാന്‍ ഖാന്. അത് സാക്ഷാല്‍ ഗാംഗുലി ആയിരുന്നു. ഗ്രേഗ് ചാപ്പല്‍ ഇന്ത്യന്‍ കോച്ചായി വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ പാക്കിസ്ഥാന്‍ നായകനായ ഇമ്രാന്‍ ഖാന്‍ നല്‍കിയ പിന്തുണ തുറന്നു പറഞ്ഞത് സാക്ഷാല്‍ ഗാംഗുലി തന്നെയാണ്. തുറന്ന വിമര്‍ശനങ്ങള്‍ക്ക് വിധേയനാകേണ്ടി വന്ന ഗാംഗുലിക്ക് നായക സ്ഥാനം നഷ്ടപ്പെട്ട് ടീമില്‍ നിന്നു പോലും പുറത്തു പോകേണ്ട അസാധാരണ സാഹചര്യം ഉണ്ടായിരുന്നു. ഇക്കാലയളവില്‍ മാനസികമായി തകര്‍ന്ന തന്നെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഉയര്‍ത്തിയത് ഇമ്രാന്‍ ഖാന്‍ ആണെന്നാണ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നത്.

ganguli

‘എന്റെ ഉള്ളിലെ നിരാശ കൂടിവരുമ്പോള്‍ ഈഡന്‍ ഗാര്‍ഡനിലെ മൈതാനത്തിലൂടെ ഞാന്‍ ഒരുപാട് ഓടുമായിരുന്നു. 21ലാപ്പുകളൊക്കെ ഒറ്റയടിക്ക് ഓടിയിട്ടുണ്ട്. അങ്ങനെ നീങ്ങുന്ന ഘട്ടത്തിലാണ് ഞാന്‍ ഇമ്രാനെ കാണുന്നത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു’, ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുക്കവെ ഗാംഗുലി ഇമ്രാനെകുറിച്ച് വാചാലനായത്.
ഇങ്ങനെയായിരുന്നു.

‘ഉയരത്തില്‍ പറക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ കണ്ടാല്‍, അതിനേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ ഒരു വഴി കണ്ടെത്തണം’, ഇതായിരുന്നു ഇമ്രാന്‍ ഗാംഗുലിയോട് പറഞ്ഞ വാക്കുകള്‍. ശക്തമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഗാംഗുലിയെയാണ് പിന്നീട് ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരത്തില്‍ പുറത്താകാതെ നേടിയ അര്‍ദ്ധസെഞ്ച്വറിയോടെ ടീമില്‍ തിരിച്ചെത്തിയ ഗാംഗുലി പിന്നീട് രണ്ടു വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം തന്റെ ക്രിക്കറ്റ് യാത്ര തുടര്‍ന്നു. 2008 നവംബറിലാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം അറിയിച്ചിരുന്നത്.

imran khan

പാക്കിസ്ഥാന്‍ പൊതു തെരെഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി പാക്കിസ്ഥാന്‍ തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് മാറിയതോടെ ഇമ്രാന്‍ ഖാന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇമ്രാന് കേവല ഭൂരിപക്ഷത്തിനു ആവശ്യമായ പിന്തുണ സംഘടിപ്പിച്ചു കൊടുക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം ആകട്ടെ ഈ നീക്കത്തിന് എതിരുമാണ്. പാക്ക് ചാര സംഘടന ഐ.എസ്.ഐയിലും ഈ ഭിന്നത പ്രകടമാണ്. എന്നാല്‍ സൈനിക നേതൃത്വത്തിലെ ഭൂരിപക്ഷം ഇമ്രാന്‍ ഖാന്റെ കൂടെ ആയതിനാല്‍, എതിര്‍പ്പ് പൊട്ടിത്തെറിയിലെത്തിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറല്ലന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തി ജീവിതത്തില്‍ താളം തെറ്റിയ ഇമ്രാന്‍ ഖാനെ പാക്ക് പ്രധാനമന്ത്രിയായി അവരോധിക്കുവാനുള്ള നീക്കത്തില്‍ യാഥാസ്ഥിതികരായ പാക്ക് ജനതക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്. തെരെഞ്ഞെടുപ്പില്‍ സൈന്യം ഇടപെട്ട് കൃത്രിമം കാട്ടിയതുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെന്നാണ് നവാസ് ഷെരീഫിന്റെ പി.എം.എന്‍ (എല്‍)ഉം ബേനസീര്‍ ഭൂട്ടോയുടെ പി.പി.പിയും ആരോപിക്കുത്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയും കൃത്രിമം നടന്നതായാണ് സംശയിക്കുന്നത്. തുടക്കക്കാരനായ ഇമ്രാന്‍ ഖാനെ മുന്‍ നിര്‍ത്തി പാക്ക് ഭരണം നടത്താനാണ് സൈനിക മേധാവിയുടെ നീക്കം.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടറായിരുന്നു ഇമ്രാന്‍ ഖാന്‍ ,1992ലെ ലോകകപ്പ് പാക്കിസ്ഥാന്‍ നേടിയത് ഇമ്രാന്‍ ഖാന്റെ നായക പദവിയിലാണ്. 1996ല്‍ ആണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.

Top