ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാക് മന്ത്രി ഫഹദ് ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചു.

പാക് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തെക്കുറിച്ച് പാക് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെന്നും ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക് മന്ത്രി വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കശ്മീരിനായി അവസാനം വരെ പോരാടും. വിഷയത്തില്‍ പാകിസ്ഥാന്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നതായും ഇമ്രാന്‍ പറഞ്ഞു.

കശ്മീരിനെ പിടിച്ചടക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തിയിരുന്നു.

Top