ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വേട്ടയെ തള്ളി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വേട്ടയെ തള്ളി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന പോലെയല്ല ഷിന്‍ജിയാങ്ങിലെ സാഹചര്യമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സി.എന്‍.എന്നിനു വേണ്ടി ഫരീദ് സകരിയ നടത്തിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ചൈനയെ പ്രതിരോധിച്ച് വാദങ്ങള്‍ അവതരിപ്പിച്ചത്.

ചൈനയിലെ പാക് അംബാസഡര്‍ മോയിനുല്‍ ഹഖ് ഷിന്‍ജിയാങ് സന്ദര്‍ശിച്ച് അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന പോലെയല്ല അവിടത്തെ സാഹചര്യങ്ങളെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഷിന്‍ജിയാങ് വിഷയത്തില്‍ പാകിസ്താന്‍ ചൈനയ്ക്ക് പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ വിശദീകരണം.

തായ്‌വാന്‍, ദക്ഷിണ ചൈനാ കടല്‍, ഹോങ്കോങ്, ഷിന്‍ജിയാങ്, ടിബറ്റ് അടങ്ങുന്ന വിവാദ വിഷയങ്ങളിലെല്ലാം ചൈനയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പിലായിരുന്നു പാകിസ്താന്‍ നിലപാട് വ്യക്തമാക്കിയത്.

ഷിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് പാകിസ്താന്റെ നിലപാട് പ്രഖ്യാപനം. ഷിന്‍ജിയാങ് വിഷയം ചൂണ്ടിക്കാട്ടി ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് 243 അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Top