ഇമ്രാന്റെ അറസ്റ്റ്: പാകിസ്ഥാനിൽ കലാപം; പ്രതിഷേധക്കാർ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂട്ടംകൂടുന്നതിനും മറ്റും ഇസ്‌ലാമാബാദിൽ വിലക്കേർപ്പെടുത്തിയിട്ടും ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലഹോറിലെ കോർ കമാൻഡറുടെ വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വീട് തല്ലിതകർത്തു. ഇസ്‌ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കോടതി പരിസരത്ത് വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതിനെ ഇസ്​ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമീർ ഫാറൂഖ് വിമർശിച്ചു. കോടതിയുടെ പാർക്കിങ് സ്ഥലവും ഹൈക്കോടതി മുറി പോലെ തന്നെ പരിഗണിക്കണമെന്ന് അഡീഷനൽ അറ്റോർണി ജനറലും പ്രതികരിച്ചു.

എത്രയും വേഗം ഇമ്രാനെ വിട്ടുഅയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുന്നതിനാണ് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) തീരുമാനം. ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്.

Top